കായംകുളം: കൃഷ്ണപുരത്ത് യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെ (24) യാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 19 ന് രാത്രി കൃഷ്ണപുരം ശീലാന്തറ കിഴക്കതിൽ അഖിൽ രാജിനെ സംഘം ചേർന്ന് ആക്രമിക്കുകയും മൂക്കിന് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും പന്ത്രണ്ടോളം കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ കൂട്ടാളികളായ അമ്പാടി, പല്ലൻ വിഷ്ണു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സംഭവത്തിന് ശേഷം ബംഗളൂരൂവിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയിൽനിന്നും നാടുകടത്തിയിരുന്നു. കൂടാതെ കാപ്പാ ഉത്തരവ് ലംഘിച്ച് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരേ കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നരവർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. തുടർന്ന് ജയിലിൽനിന്ന് ഇറങ്ങിയതിനുശേഷമാണ് ഇയാൾ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ മുഹമ്മദ് ഷാഫി, എസ്ഐ ഉദയകുമാർ . വി, പോലീസുദ്യോഗസ്ഥരായ ദീപക്, വിഷ്ണു, ഷാജഹാൻ, സുന്ദരേഷ് കുമാർ, ഹരിപ്പാട് എസ്.ഐ. ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥനായ ഇയാസ് എന്നിവരടങ്ങിയ സംഘമാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.