ചേർത്തല: വസ്തുതർക്കത്തിന്റെ പേരിൽ അഭിഭാഷകന്റെ വക ക്വട്ടേഷൻ. കൃത്യത്തിനിടെ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. അഭിഭാഷകൻ ഒളിവിൽ.
കുപ്രസിദ്ധ ഗുണ്ടാനേതാവ് കുഞ്ചൻ രാഗേഷിനെയും കൂട്ടാളികളായ മൂന്നംഗ സംഘത്തേയുമാണ് ചേർത്തല പോലീസ് പിടികൂടിയത്. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ചേർത്തലയിലെ ഒരാളെ വകവരുത്തുന്നതിന്റെ ക്വട്ടേഷൻ എടുത്താണ് ഇവർ സ്ഥലത്തെത്തിയത്.
മൂന്ന് കൊലപാതകകേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ തൃശൂർ നെല്ലായി പഞ്ചായത്ത് വയലൂർകൈപ്പള്ളി ഭവനിൽ കുഞ്ചൻ എന്നുവിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറക്കൽ പണിക്കശേരി വീട്ടിൽ ലെനീഷ് (33), ഞാറക്കൽ കൊച്ചുവേലിക്കകത്ത് ജോസഫ് ലിബൻ (25), വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാം (34) എന്നിവരാണ് ചേർത്തല പോലീസ് സ്റ്റേഷൻ ഓഫീസർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്.
ചേർത്തല അരീപ്പറന്പ് സ്വദേശിയായ സുപ്രീം കോടതി വക്കീൽ നല്കിയ ക്വട്ടേഷൻ അനുസരിച്ച് ചേർത്തലയിലെത്തിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. വസ്തുതർക്കവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ 21-ാം വാർഡ് അരീപ്പറന്പ് കുന്നേൽവെളി സുരേഷിനെ (48) വധിക്കാനായാണ് ക്വട്ടേഷൻ സംഘം ചേർത്തലയിലെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം അരീപ്പറന്പിലെത്തിയ സംഘം സുരേഷിനെ തലയ്ക്ക് വെട്ടി. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പോലീസ് പറയുന്നത്: സുരേഷും അഭിഭാഷകനായ ബാലകൃഷ്ണപിള്ളയും ബന്ധുക്കളും അയൽക്കാരാണ്.
സുരേഷിന്റെ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ തർക്കം നിലവിലുണ്ട്. ഈ കേസിൽ സ്ഥല പരിശോധനയ്ക്കായി അഡ്വക്കേറ്റ് കമ്മീഷൻ ഇന്നലെ സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പു നടത്തേണ്ടതായിരുന്നു. ഇതിനു മുന്പാണ് ബാലകൃഷ്ണപിള്ള ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം അക്രമം നടത്തിയത്.
സുരേഷിന്റെ തലയ്ക്ക് പരിക്കുണ്ട്. സുരേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സഹോദരി ഉമാദേവിക്കും പരിക്കേറ്റു. ചേർത്തല സ്വദേശിയായ ഒരാളാണ് ഇവരെ ഏർപ്പാട് ചെയ്തതെന്ന് പറയുന്നു. സംഭവത്തിനുശേഷം വക്കീലും ഒളിവിലാണ്.
സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തു. സുഗ്രീവൻ എന്ന വിളിപ്പേര് കൂടിയുള്ള കുഞ്ചൻ രാഗേഷ് പരോളിൽ ഇറങ്ങിയാണ് ക്വട്ടേഷൻ ഗുണ്ടായിസം നടത്തുന്നത്.
കസ്റ്റഡിയിലായ ലെനീഷ് കൊലപാതക കേസ് ഉൾപ്പെടെ 16 ക്രിമിനൽകേസുകളിലെ പ്രതിയാണ്. ശ്യാം 11 ഉം ജോസഫ്, ലിബിൻ എന്നിവർ ആറുകേസുകളിലെയും പ്രതികളാണ്.
ചേർത്തല പോലീസ് സ്റ്റേഷൻ ഓഫീസർ പി. ശ്രീകുമാറിന്റെ സംഘത്തിൽ എസ്ഐ ലൈസാദ് മുഹമ്മദ്, എസ്ഐ ചന്ദ്രശേഖരൻനായർ, എസ്ഐ ബാബു, എഎസ്ഐ സലിംകുമാർ, സിപിഒ രതീഷ്, അജിത്ത്,
ട്രീസ എന്നിവരും ഉണ്ടായിരുന്നു.