ആലുവ: നാടിനെ വിറപ്പിച്ച് കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാസംഘങ്ങൾ സജീവമാകുന്നു. വ്യാഴാഴ്ച്ച രാത്രി കീഴ്മാട് മുള്ളൻകുഴിയിൽ വീടുകയറി സ്ത്രീകളെയടക്കം അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ആലുവ യുസി കോളജിന് സമീപം ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ എട്ടംഗ സംഘം കുട്ടമശ്ശേരി സ്വദേശിയായ രഞ്ജിത്തെന്ന യുവാവിനെ ക്രൂരമായി മർദിച്ച സംഭവവുമുണ്ടായിരുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാരിൽ അമർഷമുണ്ട്.
വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ഗുണ്ടാസംഘം മുള്ളൻകുഴി കുഴിക്കാട്ടുമാലിൽ ഉമ്മറിന്റെ വീടുകയറി അക്രമിച്ചത്. ഭാര്യ റെയ്ഹാനത്ത് മകൾ അഫ്ന എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. വീടിന്റെ വാതിൽ തകർത്ത് കൊണ്ടിരുന്ന അക്രമിസംഘത്തെ തടയാനെത്തിയ അയൽവാസികളായ അലി, സാദിഖ് എന്നിവർക്ക് നേരെയും അക്രമമുണ്ടായി.
പിഡിപി നേതാവും പഞ്ചായത്ത് ജനകീയ ആരോഗ്യ വേദി കൺവീനറുമായ അലി മുള്ളൻകുഴിയെ അക്രമിസംഘം ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അലിയെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കീഴ്മാട് കുന്നുംപ്പുറത്ത് നിന്നും ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് പരാതിയിൽ പറയുന്നു. സംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനെ നാട്ടുക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സഹോദരന്റെ മകനെ അന്വേഷിച്ചാണ് അക്രമി സംഘം ഉമ്മറിന്റെ വീട്ടിലെത്തിയത്.
ഉമ്മറിന്റെ സഹോദരന്റെ മകനും അക്രമി സംഘാംഗത്തിലെ ഒരാളുടെ ബന്ധുവും തമ്മിലുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയാണ് അക്രമമെന്ന് കരുതുന്നു. അക്രമികൾ എത്തിയ മൂന്ന് ബൈക്കുകൾ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. ആലുവ ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ബൈക്കിലെത്തി യുവാവിനെ അജ്ഞാത സംഘം വധിക്കാൻ ശ്രമിച്ച കേസ് ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ആലുവ വെസ്റ്റ് പോലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്തിടെ ചാലക്കലിൽ നടന്ന മതമാറ്റ വിഷയവുമായുള്ള തർക്കമാണ് ഹിന്ദു ഐക്യ വേദി പ്രവർത്തകനായ രഞ്ജിത്തിന് നേരെയുണ്ടായ അക്രമത്തിന് കാരണമെന്ന് അറിയുന്നു. വ്യത്യസ്ഥ സംഭവങ്ങളിൽ എസ്എൻഡിപി, പിഡിപി തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.