ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി ‘കാലാ ജതേഡി’ എന്ന സന്ദീപും ‘മാഡം മിൻസ്’എന്നറിയപ്പെടുന്ന വനിതാ കുറ്റവാളി അനുരാധ ചൗധരിയും വിവാഹിതരായി. ഡൽഹിയിലെ ദ്വാരകയിൽ കനത്ത സുരക്ഷാവലയത്തിലായിരുന്നു ഇരുവരുടെയും വിവാഹം. തിഹാർ ജയിലിൽനിന്നാണ് സന്ദീപ് വിവാഹത്തിനെത്തിയത്.
ഇന്നലെ രാവിലെ 10.15നു വൻ സുരക്ഷാ സന്നാഹത്തോടെയാണ് സന്ദീപിനെ വിവാഹവേദിയിലെത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയായ അനുരാധ ജാമ്യത്തിലാണ്. കുടുംബാംഗങ്ങൾക്കൊപ്പം മഹീന്ദ്ര സ്കോർപിയോ ഓടിച്ചാണ് അനുരാധ വിവാഹത്തിനെത്തിയത്. സമീപത്തെ കെട്ടിടങ്ങളുടെ ടെറസിലെല്ലാം സായുധ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
വിവാഹശേഷം ഉച്ചകഴിഞ്ഞ് 3.50ന് സന്ദീപിനെ തിഹാർ ജയിലിലേക്കു കൊണ്ടുപോയി. നാളെ സോണിപത്തിലെ ജതേഡി ഗ്രാമത്തിൽ നടക്കുന്ന വിവാഹാഘോഷത്തിൽ സന്ദീപിനു പങ്കെടുക്കാൻ കോടതി അനുമതി നല്കിയിട്ടുണ്ട്. നാലു വർഷത്തെ പ്രണയത്തിനുശേഷമാണ് അനുരാധയും സന്ദീപും വിവാഹിതരായത്. ഇവരുടെ വിവാഹ ക്ഷണപത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊല്ലപ്പെട്ട കൊടും കുറ്റവാളി ആനന്ദ്പാൽ സിംഗിന്റെ ഉറ്റ കൂട്ടാളിയായിരുന്നു അനുരാധ.
കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശംവയ്ക്കൽ, ഭീഷണി തുടങ്ങിയ അര ഡസനിലധികം കേസുകളിൽ പ്രതിയാണിവർ. ലോറൻസ് ബിഷ്ണോയിയുടെ സ്വന്തം ആളായ സന്ദീപിനെതിരേ കൊലപാതകം, കവർച്ച, കൊലപാതകശ്രമം എന്നിങ്ങനെ നിരവധി കേസുകളുണ്ട്. ഡൽഹിയിൽ ഒരുമിച്ചു കഴിയവേ 2021 ജൂലൈ 30നാണ് സന്ദീപും അനുരാധയും അറസ്റ്റിലായത്. ആനന്ദ്പാൽ സിംഗിന്റെ സഹോദരൻ വിക്കി സിംഗ് വഴിയാണ് 2020ൽ സന്ദീപും അനുരാധയും പരിചയപ്പെടുന്നത്. ഒരു ക്ഷേത്രത്തിൽവച്ച് ഇരുവരും വിവാഹിതരായെന്നും ഇൻഡോറിൽ വാടകയ്ക്കു താമസിച്ചെന്നും പോലീസ് പറഞ്ഞു.
പിന്നീട് ഇരുവരും ബിഹാറിലേക്കു പോയി. അവിടെ ഏതാനും മാസം താമസിച്ച സന്ദീപും അനുരാധയും ലക്നോവിലെത്തി. അവിടെനിന്നു മഹാരാഷ്ട്രയിലെ ഷിർദി സന്ദർശിച്ച ഇരുവരും ഹരിദ്വാറിൽ കുറെ ദിവസം താമസിച്ചു. ഈ സമയത്താണു ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടിയ അനുരാധ ഇടയ്ക്കിടെ ജയിലിലെത്തി സന്ദീപിനെ കാണാറുണ്ടായിരുന്നു. സന്ദീപിന്റെ മാതാപിതാക്കളുടെ കാര്യവും അനുരാധ ശ്രദ്ധിക്കാറുണ്ടായിരുന്നു.
ആദ്യ ഭർത്താവ് ദീപക് മിൻസിൽനിന്നാണ് അനുരാധയ്ക്ക് ‘മാഡം മിൻസ്’ എന്ന പേരു കിട്ടിയത്. 2007ൽ വിവാഹിതരായ ഇരുവരും 2013ൽ വേർപിരിഞ്ഞു. ബാങ്കിംഗ് ബിസിനസ് രംഗത്തുണ്ടായിരുന്ന അനുരാധ കള്ളപ്പണക്കേസിൽ ഉൾപ്പെട്ടു. വൈകാതെ ആനന്ദ്പാൽ സിംഗിന്റെ കൂട്ടാളിയായി. രാജസ്ഥാനിലെ ചുരുവിൽ 2017ൽ നടന്ന ഏറ്റുമുട്ടലിലാണ് ആനന്ദ്പാൽ സിംഗ് കൊല്ലപ്പെട്ടത്.
ഹരിയാനയിലെ ജതേഡി ഗ്രാമക്കാരനായ സന്ദീപ് ഐടിഐ വിദ്യാർഥിയായിരിക്കേ കുറ്റവാളി സംഘങ്ങളുമായി ബന്ധത്തിലായി. ഏഴു ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് പോലീസ് വിലയിട്ടിരുന്നത്. 2021ൽ ഗുസ്തിതാരം സാഗർ ധൻഖർ കൊല്ലപ്പെട്ടതോടെയാണ് സന്ദീപിന്റെ പേര് കുറ്റവാളി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയത്.