ഓച്ചിറ :ബാറിന് സമീപം യുവാക്കൾ തമ്മിലുണ്ടായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ക്വട്ടേഷൻ ആക്രമണ കേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം .സംഭവത്തിൽ പരിക്കേറ്റ കൊച്ചുമുറി ചാന്നാശ്ശേരി ജയദേവ മോഹനനെ (29) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയദേവന്റെ സഹോദരൻ അനുമോഹൻ ( 26) സുഹൃത്തുക്കളായ സുധി (30) സിൻജിത്ത് (20 )രാജീവ് (30) എന്നിവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു .രാത്രി 11ഓടെയായിരുന്നു സംഭവം .മദ്യപിച്ച് ബഹളംവെച്ച ക്രിമിനൽ കേസിലെ പ്രതിയായ മേമന അഖിൽ നിവാസിൽ റോബോ എന്നുവിളിക്കുന്ന അരുണും ചങ്ങംകുളങ്ങര പങ്കജ് നിവാസിൽ പങ്കജും ജയ് ദേവനുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആയുധങ്ങൾ കൊണ്ട് അക്രമിക്കുകയുമായിരുന്നെന്ന്പോലീസ് പറഞ്ഞു
.പ്രതികളായ ശ്യാം മോൻ അനന്തു എന്നിവരെ പോലീസ് തിരിച്ചറിഞ്ഞതായും ഇവർക്കെതിരേ കാപ്പ നിയവ പ്രകാരംനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു .കഴിഞ്ഞ ഒരു മാസമായി ഓച്ചിറയിലും പരിസരപ്രദേശങ്ങളിലും നിരവധി അക്രമണ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത് .ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പോലീസിന്റെ മെല്ലെപ്പോക്ക് നയമാണ് അക്രമസംഭവങ്ങൾ വ്യാപിക്കാൻ കാരണം എന്നും ആരോപണമുയരുന്നു .