പേരൂർക്കട : വട്ടിയൂർക്കാവിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 10ന് കാവല്ലൂർ സ്വദേശി അനി, ഭാര്യ മഞ്ജുഷ, മകൻ വിമൽ എന്നിവർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് സ്വദേശികളായ വിനീത്, അഖിൽ, മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തെരുവുനായക്കളെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിൽ കലാശിച്ചതെന്നും കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായവർ പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വട്ടിയൂർക്കാവിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നിത്യസംഭവമാണെന്നും കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്യുന്നതിനും പരസ്യ മദ്യപാനം ചോദ്യം ചെയ്യുന്നതിനും പ്രത്യാക്രമണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഗുണ്ടാ സംഘങ്ങൾക്കെതിരെ വട്ടിയൂർക്കാവ് പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.