ഏറ്റുമാനൂർ: അടച്ചു പൂട്ടിയ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ അതിക്രമിച്ചു കയറി ബാരിക്കേഡുകൾ നശിപ്പിച്ച കേസിൽ പോലീസ് പിടികൂടിയവരെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടു.
ഏറ്റുമാനൂർ 101 കവല മഠത്തിൽ പറന്പിൽ ജോബി ജോണ്‍ (38), മുല്ലശേരി ഷൈജു (32), അതിരന്പുഴ പുത്തൻ വീട്ടിൽ സെയ്ദ് മുഹമ്മദ് (62) ധർവേഷ് (51)എന്നിവരാണ് പിടിയിലായത്.
കോവിഡ് വ്യാപനത്തത്തുടർന്ന് മാർക്കറ്റ് അടച്ചതിൽ പ്രതിഷേധിച്ചാണ് സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മാർക്കറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ ഇവർ ബാരിക്കേഡുകൾ ചവിട്ടി മറിച്ചു നശിപ്പിക്കുകയായിരുന്നു.
മദ്യലഹരിയിൽ മൂന്നു ബൈക്കുകളിലായി സംഘടിച്ചെത്തിയവർ പോലിസും നഗരസഭയും സ്ഥാപിച്ച ബാരിക്കേഡുകളും പ്രവർത്തനം നിരോധിച്ചുകൊണ്ട് വലിച്ചു കെട്ടിയ കയറുകളും ബോർഡുകളും ചവിട്ടി തെറിപ്പിക്കുകയും തകർക്കുകയും ചെയ്യുകയായിരുന്നു.
ബഹളം കേട്ട് സമീപത്ത് ഉണ്ടായിരുന്ന നഗരസഭ കൗണ്‍സിലർമ്മാരും നാട്ടുകാരും ഓടി വന്നപ്പോൾ സംഘങ്ങൾ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു.
പിന്നീട് കൗണ്‍സിലർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം അക്രമി സംഘത്തെ പിടികൂടുകയായിരുന്നു. കൗണ്‍സിലർമാരും നാട്ടുകാരും ചേർന്നാണ് പിന്നീട് ബാരിക്കേഡുകൾ പുനഃസ്ഥാപിച്ചത്.