കളമശേരി: കളമശേരി വികലാംഗനായ പളളിലാംകര പ്ലാത്താഴത്ത് സുരേഷിന്റെ വീട് അടിച്ചു തകര്‍ത്ത അഞ്ചംഗ ഗുണ്ടാ സംഘത്തെ കളമശേരി എസ്എച്ച്ഒ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
ഗുണ്ടാസംഘത്തിന്റെ അക്രമണത്തില്‍ കിടപ്പുരോഗിയായ ഗൃഹനാഥനും രണ്ടു കുടുംബാംഗങ്ങള്‍ക്കും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
കേസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തില്‍പ്പെട്ട ആലുവ ഈസ്റ്റ് കൈലാസ് കോളനിയില്‍ വളവില്‍ വീട്ടില്‍ വിനീത്(36), കൈലാസ് കോളനിയില്‍ വടക്കേടത്ത് വീട്ടില്‍ സൈലേഷ്(36), വാഴക്കുളം കീയംപടി തച്ചേരി വീട്ടില്‍ ജോമിറ്റ്(34), എടത്തല നീരിയേലി വീട്ടില്‍ ഫൈസല്‍ (38), തേവയ്ക്കൽ തണ്ണിക്കോട്ട് വീട്ടിൽ വിപിൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ക്വട്ടേഷന്‍ നല്കിയ ഗുണ്ടാസംഘത്തില്‍പ്പെട്ടയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്റെ സഹോദരി സുരേഷിന്റെ വീട്ടിൽ വന്നു പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം ടാറ്റാ സുമോ കാറില്‍ മാരകായുധങ്ങളുമായി വീട്ടിലെത്തിയ ഗുണ്ടാ സംഘം ടിവി, ഫ്രിഡ്ജ് തുടങ്ങിയ വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും വീട് അടിച്ചു പൊളിക്കുകയും ചെയ്തു.
രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമാണ് വരുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടുടമ സുരേഷ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അക്രമണ ശേഷം പെരുമ്പാവൂര്‍ക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ മൂന്നു വാഹനങ്ങളിലായി പിന്തുടര്ന്ന് പോലീസ് സംഘം തേവയ്ക്കല്‍ വച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാന്‍ സംഘം ശ്രമിച്ചു.
ഇവരുടെ ആക്രമണത്തില്‍ എസ്എച്ച്ഒ വിപിന്‍ദാസ്, സിപിഒമാരായ നജീബ്, ഷെമീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ഫൈസല്‍, വിനീത് എന്നിവര്‍ എടത്തല സ്റ്റേഷനില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും ഗുണ്ടകളുമാണ്. മറ്റ് മൂന്ന് പേര്‍ക്കെതിരേയും നിരവധി വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്.
വധശ്രമം, വീടുകയറി ആക്രമണം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.