ന്യൂഡൽഹി: ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയെ കാണാൻ വീട്ടിൽ നിന്നും പുറപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിടികൂടി.
പഞ്ചാബിലെ ബതിൻഡ സെൻട്രൽ ജയിലിന് പുറത്തുവച്ചാണ് രണ്ട് പെൺകുട്ടികളെ കണ്ടെത്തിയത്.
ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുക്കുകയായിരുന്ന പെൺകുട്ടികളെ ജയിൽ അധികൃതർ ജില്ലാ ശിശുസംരക്ഷണ വകുപ്പിന് കൈമാറി.
ലോറൻസ് ബിഷ്ണോയിയുടെ കടുത്ത ആരാധകരായ പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കൈമാറാനാണ് ജയിലിന് പുറത്ത് നിന്നുള്ള ചിത്രം പകർത്തിയതെന്ന് ബതിൻഡ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രവ്നീത് കൗർ സിദ്ധു പറഞ്ഞു.
വീട്ടുകാരറിയാതെ പുറപ്പെട്ട ഇരുവരും ബതിന്ഡ റെയില്‍വേ സ്റ്റേഷനിലാണ് രാത്രി കഴിഞ്ഞത്. ഇരുവരുടെയും മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 23 ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്.