തിരുവനന്തപുരം: ഗുണ്ടകളെയും ലഹരിമരുന്ന് വിൽപ്പന മാഫിയകളെയും പിടികൂടാനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിലും ഓപ്പറേഷൻ ഡി ഹണ്ടിലും 81 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ കഴക്കൂട്ടം, തുന്പ, ശ്രീകാര്യം, വട്ടിയൂർക്കാവ്, പൂജപ്പുര, വലിയതുറ, വഞ്ചിയൂർ , മണക്കാട് ഉൾപ്പെടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 81 പേർ പിടിയിലായത്.
അക്രമസംഭവങ്ങളിൽ പ്രതികളാകുന്നവരെ പ്രത്യേകം നിരീക്ഷിച്ച് കരുതൽ അറസ്റ്റ് ചെയ്തു. നാല് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ കൈവശം വച്ചതിനു രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്റോണ്മെന്റ്, ഫോർട്ട്, ശംഖുമുഖം, കഴക്കൂട്ടം എന്നീ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് കമ്മീഷണർമാരുടെ മേൽനോട്ടത്തിലായിരുന്നു ഗുണ്ടകളുടെ വീടുകളും ഒളിത്താവളങ്ങളും കണ്ടെത്തി പോലീസിന്റെ നടപടി .
സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. ഗുണ്ടകളെയും ലഹരിമാഫിയയെയും കർശനമായി നേരിടുമെന്നും അമർച്ച ചെയ്യുമെന്നും കമ്മീഷണർ സി. നാഗരാജു രാഷ്ട്രദീപികയോട് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരമനയിലെ അഖിൽ എന്ന യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് ഗുണ്ടാവേട്ടക്ക് തയാറെടുത്തത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ മൂന്ന് ദിവസമായി ഓപ്പറേഷൻ ആഗും ഡി. ഹണ്ടും നടന്ന് വരികയാണ്.