അഞ്ചൽ:അഞ്ചലില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. വീടുകയറി ടാക്സി ഡ്രൈവറെ മര്‍ദിച്ച സംഘം കെഎസ്ആര്‍ടിസി ജീവനക്കാരെയും ആക്രമിച്ചു. ഏരൂര്‍ നെട്ടയം പോളചിറ കൈലാസം വീട്ടില്‍ ബിജുവിനെയാണ് വീട്ടില്‍ കയറി അക്രമിസംഘം ക്രൂരമായി മര്‍ദിച്ചത്. മരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്.
കണ്ണിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കുന്നതിനിടെ ഇവിടെയെത്തിയ സംഘം വീണ്ടും ബിജുവിനെ ആക്രമിച്ചു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരെയും ആക്രമിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മാര്‍ഗ തടസം സൃഷ്ട്ടിച്ചു എന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചത്. ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ആയിലറ സ്വദേശി അനില്‍കുമാര്‍, പുത്തയം സ്വദേശി അനസ് എന്നിവരെയും സംഘം ആക്രമിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ഷീബ എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടി. അഞ്ചല്‍ ആര് ഒ ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ആര്‍ച്ചല്‍ സ്വദേശി ജോതിലാല്‍, മണലി സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്.