മൂന്നാർ: ഗുണ്ടുമല ഇനിയും നടുക്കത്തിൽ നിന്ന് മോചിതമായിട്ടില്ല. പ്രായപൂർത്തിയെത്താത്ത മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഓർമ്മയിൽ നിന്ന് മുക്തമായി വരുന്നതിനിടെയാണ് ഗുണ്ടുമലയെ നടുക്കി വീണ്ടുമൊരു കൊലപാതകം.
എസ്റ്റേറ്റിലെ ലയത്തിൽ പട്ടാപ്പകൽ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് എസ്റ്റേറ്റ് ജനങ്ങളെയാകെ പരിഭ്രാന്ത്രിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് അസ്വാഭാവിക മരണങ്ങളാണുണ്ടായത്.
മൂന്നു വർഷം മുന്പാണ് ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ പട്ടാപ്പകൽ മകൻ വെട്ടിക്കൊന്നത്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഗുണ്ടുമലയിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കൊടും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് എട്ടു വയസുകാരി അൻപരസിയുടെ കൊലപാതകം. കഴുത്തിൽ കയർ മുറുകി മരിച്ച നിലയിൽ വീട്ടിലെ കട്ടിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി മുന്പ് പീഡനത്തിനിരയായിട്ടുണ്ട് എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വളരെ നിർണായകമായി. ഗുണ്ടുമല പോലെ ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തു നിന്നും ഒരാളെത്തി കൃത്യം നടക്കാനുള്ള സാധ്യത കുറവായതിനാൽ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് പോലീസ് ശക്തമായ അന്വേഷണമാണ് നടത്തി വരുന്നത്.
പതിനൊന്ന് അംഗ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നത്. മൂന്നാർ ഡിവൈ എസ്പി എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉടുന്പൻചോല, രാജാക്കാട്, മൂന്നാർ എന്നിവിടങ്ങളിലെ സർക്കിൾ ഇൻസ്പെക്ടമാരും മറ്റു പോലീസുകാരും ഉൾപ്പെടുന്നതാണ് അന്വേഷണം സംഘം. കൃത്യം നടന്നതിനു ശേഷം ജില്ലാ പോലീസ് മേധാവി നാരായണൻ സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇന്നലെ ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. നാട്ടുകാരായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ കട്ടിലിലാണ് കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ കണ്ടെത്തിയത്.
സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ മടങ്ങി വന്ന് അന്വേഷിക്കുന്ന വേളയിലാണ് കുട്ടിയെ കട്ടിലിൽ കിടക്കുന്ന സ്ഥിതിയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ അയൽപക്കത്തെ ബന്ധുവിനെ സഹായത്തിന് വിളിക്കുകയായിരുന്നു.
ഇദ്ദേഹം വന്ന നോക്കുന്ന വേളയിലാണ് കഴുത്തിൽ കുരുക്കുള്ളതായി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഉൗഞ്ഞാലിൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുള്ളതായി സംശയമുണർന്നിരുന്നു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭിച്ചത്. അടുത്തടുത്തായി ലയങ്ങളും വീടുകളുമുള്ള വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. പുറമേ നിന്ന് ആരു കടന്നു വന്നാലും പെട്ടെന്ന് തിരിച്ചറിയാനാകുന്ന പശ്ചാത്തലമുള്ളതിനാൽ സാഹചര്യങ്ങളും സന്ദർഭവുമെല്ലാം പരിചിതമായ വ്യക്തി സംഭവത്തിന് പിന്നിലുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ഇതു വരെ ചോദ്യം ചെയ്തത് 50 പേരെ
മൂന്നാർ: ഗുണ്ടുമല ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ചോദ്യം ചെയ്തത് 50 ഓളം പേരെ. അന്വേഷണം ഉൗർജിതമാക്കുവാൻ പോലീസ് ഗുണ്ടുമലയിൽ ക്യാന്പ് ഹൗസ് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടുമലയിൽ കുട്ടിയെ ഏറ്റവും അടുത്തറിയുന്ന ആളോ ബന്ധുക്കളോ കൃത്യം നടത്തിയിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ഗുണ്ടുമല പോലെ ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തുനിന്ന് ആരെങ്കിലും കടന്നു വന്ന് കൃത്യം നടത്തുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ ഗുണ്ടുമല കേന്ദ്രീകരിച്ചു തന്നെയാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്. ഗുണ്ടുമലയിൽ ക്യാന്പ് ഹൗസ് ആരംഭിച്ചതോടെ എത്രയും പെട്ടെന്ന് അന്വേഷണം ഉൗർജിതമാക്കി പ്രതിയെ കണ്ടെത്തുവാനാണ് പോലീസ് ശ്രമം.