സോനു തോമസ്
ഗുൻജൻ സക്സേന. കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുമായി ആശുപത്രിയിലേക്ക് പറന്ന ഒരു ഹെലികോപ്റ്ററിലെ പൈലറ്റിന്റെ പേര് അങ്ങനെയായിരുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതാ പൈലറ്റ്, ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിത ഗുൻജന്റെ വിശേഷണങ്ങൾ നിരവധിയാണ്. അഞ്ചാമത്തെ വയസിൽ കോക്പിറ്റിൽ കയറിയ ആളാണ് ഗുൻജൻ.
സൈന്യത്തിലുള്ള ഒരു കസിന്റെ ഒപ്പമായിരുന്നു ആദ്യമായി കോക്പിറ്റിൽ കയറിയത്. അച്ഛൻ എ സക്സേനയും സഹോദരനും സൈനികർ. സൈന്യത്തിൽ ചേരാനുള്ള ഗുൻജന്റെ തീരുമാനത്തിനു പിന്നിലെ പ്രധാനകാരണമിതാണ്. ന്യൂഡൽഹിയിലെ ഹൻസ് രാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. ശേഷം അവിടെയുള്ള ഫ്ളൈയിംഗ് ക്ലബിൽ ചേർന്ന് ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നീട് എസ്എസ്ബി പരിക്ഷാ പാസായി സൈന്യത്തിലെത്തി.
1994ൽ ആരംഭിച്ച വ്യോമസേനയുടെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ 25 പേരടങ്ങുന്ന ആദ്യബാച്ചിലെ അംഗമായിരുന്നു ഗുൻജൻ.പരിശീലനം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ പോസ്റ്റിംഗ് ഉദംപൂരിലായിരുന്നു. വ്യോമ സേനയിലെ ആദ്യത്തെ ബാച്ച് വനിതാ പൈലറ്റ് ആയതിനാൽ അവിടെ സൗകര്യം തീർത്തും കുറവായിരുന്നു. വസ്ത്രം മാറാൻ പോലും ബുദ്ധിമുട്ട്. സഹ വനിതാ പൈലറ്റുമാരുടെ സഹായത്തോടെയാണ് വസ്ത്രം മാറിയിരുന്നത്. ഏതൊരു പട്ടാളക്കാരനെപ്പോലെയും രാജ്യത്തിനു വേണ്ടി പോരാടാനുള്ള സമയം നോക്കിയുള്ള കാത്തിരിപ്പായി പിന്നീട്. വൈകാതെ ആ സമയം വന്നെത്തി.
യുദ്ധം തുടങ്ങി
1999 കാർഗിൽ യുദ്ധം ആരംഭിച്ചു. അതുവരെ വനിതാ പൈലറ്റുമാരെ ഹെലികോപ്റ്റർ പറത്താൻ അനുവദിച്ചിരുന്നില്ല. എന്നാൽ യുദ്ധത്തിന്റെ സമയമായതിനാൽ ആദ്യമായി വനിതാ പൈലറ്റുമാരെ വിളിച്ചു. ജൂണിലാണ് ഗുൻജൻ കാർഗിൽ യുദ്ധത്തിൽ ചേരുന്നത്. വീട്ടിലേക്ക് ഫോണ് വിളിച്ച് കാർഗിലിലേക്ക് പോകുകയാണെന്നും വരുംദിവസങ്ങളിൽ വിളിക്കാൻ കഴിയില്ലെന്നും അറിയിച്ചു. മകൾ പോകുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണെന്ന് സക്സേനയ്ക്ക് മനസിലായി. പട്ടാളക്കാരനായ അദ്ദേഹം മകളെ വിജയാശംസകൾ നേർന്ന് അയയച്ചു.
കാർഗിലിൽ
രണ്ട് ഓപ്പറേഷനാണ് സൈന്യം കാർഗിലിൽ നടത്തിയത്. ഓപ്പറേഷൻ വിജയ്യും ഓപ്പറേഷൻ സഫേദ് സാഗറും. ഇതിൽ ഓപ്പറേഷൻ വിജയ്്ക്കൊപ്പമായിരുന്നു ഗുൻജൻ. യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിക്കുക, യുദ്ധഭൂമിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ സ്ഥാനം നിരീക്ഷിക്കുക, അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുക എന്നിവയായിരുന്നു ഗുൻജന്റെ ദൗത്യം. ചീറ്റ ഹെലികോപ്റ്ററുകളാണ് ഗുൻജൻ പറത്തിയത്.
ഒരിക്കൽ പാക്കിസ്ഥാൻ സൈന്യം ഗുൻജന്റെ ഹെലികോപ്റ്ററിനു നേരേ വെടിയുതിർത്തു. ഭാഗ്യംകൊണ്ട് ഗുൻജൻ രക്ഷപ്പെട്ടു. പരിക്കേറ്റ സൈനികരുമായി ഹെലികോപ്റ്ററിലുള്ള യാത്ര വല്ലാത്ത അനുഭവമായിരുന്നെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ഗുൻജൻ പറഞ്ഞു. കാർഗിൽ ഗേൾ എന്നാണ് ഗുൻജനെ വിശേഷിപ്പിച്ചിരുന്നത്. ജൂലൈ 2004ൽ ഗുൻജൻ സൈനിക സേവനം അവസാനിപ്പിച്ചു.
ഇപ്പോൾ ഗുജറാത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥനായ ഭർത്താവിനും മകൾക്കുമൊപ്പം സ്വസ്ഥമായി ജീവിക്കുന്നു. ഇവരുടെ സാഹസികമായ ജീവിതകഥ സിനിമയാകുകയാണ്. ചിത്രത്തിൽ ഗുൻജന്റെ വേഷമിടുന്നത് അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ്. വായിച്ചറിഞ്ഞ ഗുൻജന്റെ സാഹസിക പ്രകടനം വൈകാതെ ബിഗ് സ്ക്രീനിൽ കാണാമെന്ന് പ്രതീക്ഷിക്കാം.