പയ്യന്നൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. കണ്ടുകിട്ടിയ പിസ്റ്റള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സൂചന.
ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും. പിസ്റ്റളിനൊപ്പം കണ്ടുകിട്ടിയ തിരകള്‍ പ്രത്യേത പ്ലാസ്റ്റിക്ക് കണ്ടെയ്നറില്‍ നിര്‍മിച്ചതാണ്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അന്നൂര്‍ കാറമേല്‍ പീപിള്‍സ് ക്ലബിന് സമീപത്തെ റോഡരികില്‍നിന്ന് തോക്കും തിരകളും കണ്ടെത്തിയത്.
അമേരിക്കന്‍ ടൂറിസ്റ്റര്‍ ബാഗിനുള്ളില്‍ കാഞ്ഞങ്ങാട്ടെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരുള്ള പ്ലാസ്റ്റിക് കവറിലായിരുന്നു തോക്കും തിരകളുമുണ്ടായിരുന്നത്.
റോഡരികില്‍ വീണ് ചിതറിയ നിലയിലാണ് തോക്കും തിരകളും വഴിയാത്രക്കാര്‍ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അധികം പഴക്കമില്ലാത്ത പിസ്റ്റളാണ് കണ്ടുകിട്ടിയത്.ഇതിന്റെ കൂടെയുണ്ടായിരുന്ന തിരകള്‍ നിര്‍മിച്ചിരിക്കുന്നത് കട്ടിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് പറഞ്ഞു.
തിരകളുടെ അടിഭാഗം മാത്രം ലോഹംകൊണ്ടുണ്ടാക്കിയവയാണ്. ഇതിനകത്ത് ഗണ്‍പൗഡര്‍ നിറച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.
ശക്തിയുള്ള സ്ഫോടന ശബ്ദത്തിനൊപ്പം സ്പാര്ക്കുമുണ്ടാക്കുന്നതിനാണ് ഇത്തരത്തിലുള്ള തിരകള്‍ നിര്‍മ്മിക്കുന്നതെന്നാണ് പോലീസ് നല്കുന്ന സൂചന.
എങ്കിലും ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ദുരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പിസ്റ്റളായതിനാല് പോലീസിന്റെ അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കാണ് നീളുന്നത്.
ഇത്തരം സംഘങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.