
ജെഫര്‍സണ്‍ സിറ്റി (മൊണ്ടാന): എട്ടു വയസുകാരനും ആറു വയസുകാരനും തോക്ക് സുരക്ഷാ ക്ലാസ് എടുക്കുന്നതിനിടയില്‍ പിതാവിന്റെ തോക്കില്‍ നിന്നും വെടിയേറ്റ് എട്ടു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
45 വയസ്സുള്ള ഫിലിപ്പ് ലുമാസിനെതിരെയാണ് സെക്കന്റ് ഡിഗ്രി ഡൊമസ്റ്റിക് അസോള്‍ട്ടിന് പൊലീസ് കേസ്സെടുത്തിരിക്കുന്നത്. കുട്ടികള്‍ ആവശ്യപ്പെട്ടതനുസരിച്ച് തോക്കിന്റെ പ്രവര്‍ത്തനം പിതാവ് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
നെഞ്ചില്‍ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിംഗ് റൂമിലേക്ക് കൊണ്ടുവരുമ്പോഴാണ് വെടിയേറ്റ വിവരം പിതാവ് മനസിലാക്കുന്നത്. തോക്കിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പിതാവിന്റെ ശ്രദ്ധ ടിവിയിലേക്ക് തിരിഞ്ഞതാണ് വെടിപൊട്ടുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്