ബോണി മാത്യു
കോട്ടയം: തുടർച്ചയായി പ്രസംഗിച്ച് ബിനു കണ്ണന്താനം ഒരു ദിവസം പിന്നിട്ടു. വിജയം മാത്രമാണ് ലക്ഷ്യം അതിനായി ഞാൻ എന്നിൽ വിശ്വസിക്കുന്നു. അത് എന്റെ അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. പ്രശസ്ത പഴ്സണാലിറ്റി പരിശീ ലകനും വാഗ്മിയുമായ ബിനു കണ്ണന്താനം തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് യൂണിവേഴ്സൽ വേൾഡ് റിക്കാർഡും ഗിന്നസ് റിക്കാർഡും കരസ്ഥമാക്കാൻ തുടങ്ങിയ പ്രസംഗത്തിലെ വാക്കുകളാണിത്. അഞ്ചിന് രാവിലെ ഒന്‍പതിന് അധികൃതരുടെ മേൽനോട്ടത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച മാരത്തണ്‍ പ്രസംഗം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അവസാനിക്കുന്നത്.
നിലവിലെ ലോക റിക്കാർഡിനുടമയായ ഗുജറാത്ത് സ്വദേശി അശ്വിൻ സുഡാനിയുടെ 75 മണിക്കൂർ 35 മിനിട്ട് മറികടക്കാനാണ് ബിനുവിന്റെ ശ്രമം. ‘ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം’ എന്ന വിഷയത്തെക്കുറിച്ച് ആവർത്തനമില്ലാതെ 80 മണിക്കൂർ പ്രസംഗിക്കുവാനും അതോടൊപ്പം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യവും മനഃസാന്നിധ്യവും നിലനിർത്തുവാനുമുള്ള കഴിവ് കഴിഞ്ഞ ഏഴുവർഷത്തെ കഠിനപ്രയത്നത്തിലൂടെയും പരിശീലനത്തിലൂടെയും ബിനു നേടിയെടുത്തിട്ടുണ്ട്.
വിദ്യാർഥികൾ കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചാണ് ഇന്നലെ അദ്ദേഹം കൂടുതലും പ്രസംഗിച്ചത്. പത്താം ക്ലാസ് വരെ സ്റ്റേജിൽ പോലും കയറാൻ ഭയപ്പെട്ടിരുന്ന ബിനുവിന് ഒരു അധ്യാപകൻ എൻഎസ്എസ് ക്യാന്പ് വിലയിരുത്താൻ നൽകിയ സന്ദർഭം മികച്ചതാക്കിയാണു പ്രസംഗകലയുടെ തുടക്കം. പിന്നീട് മൈക്ക് പ്രിയപ്പെട്ട സുഹൃത്തായി മാറി. അധ്യാപകർ വിദ്യാർഥികളിൽ അറിവിന്റെയും ജീവിത വിജയത്തിന്റെയും വിത്തു പാകുന്നവരാകണം.
വിദ്യാർഥികൾ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രാപ്തരാകണം. പുത്തൻ തലമുറ മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻസിന് അടിമപ്പെടുന്നതോടെ നശിക്കുന്നത് ഒരു തലമുറയാണെന്നും അവരെ നേർവഴിക്ക് നയിക്കേണ്ടത് അധ്യാപകരുടെ കടമയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
45 രാജ്യങ്ങൾ സന്ദർശിച്ച അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ് ബിനു പ്രസംഗം നടത്തുന്നത്. മാരത്തണ്‍ പ്രസംഗത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എംഎൽഎ നിർവഹിച്ചു. തെള്ളകം പുഷ്പഗിരി പള്ളി വികാരി ഫാ. തോമസ് കന്പിയിൽ അധ്യക്ഷത വഹിച്ചു.