ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പുറത്താകാതെ അപരാജിത സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ അവിശ്വസനീയ ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് അഞ്ചോവര്‍ ബാക്കി നില്‍ക്കെ അനായാസ ജയം സമ്മാനിച്ചത്. ഗുപ്റ്റില്‍ 138 പന്തില്‍ 15 ഫോറും 11 സിക്‌സും സഹിതം പുറത്താകാതെ 180 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്‌സ് പുറത്താകാതെ 72ഉം ഡുപ്ലെസിസ് 67ഉം റണ്‍സെടുത്തു. 59 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഡിവില്ലേഴ്‌സ് 72 റണ്‍സെടുത്തത്. ഡുപ്ലെസിസ് ആകട്ടെ 97 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതമാണ് 67 റണ്‍സെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ബ്രോന്‍ലിയേ അവര്‍ക്ക് നഷ്ടമായി. പിന്നീട് നായകന്‍ വില്യംസണും (21) ടീം സ്‌കോര്‍ 77ല്‍ നില്‍ക്കെ പുറത്തായി. എന്നാല്‍ ടെയ്‌ലറുടമായി ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത ഗുപ്റ്റില്‍ ന്യൂസിലന്‍ഡിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ടെയ്‌ലര്‍ 66 റണ്‍സെടുത്ത് പുറത്തായി. ഗുപ്റ്റില്‍ തന്നെയാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇരുടീമും 22 എന്ന നിലയില്‍ സമനിലയിലാണ്.