ഗുര്‍മീത് റാം റഹിം സിംഗിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം! ആള്‍ദൈവത്തിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ ഓടകളില്‍; ഗുര്‍മീതിന്റെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നതിതൊക്കെ

ബലാത്സംഗക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം കനക്കുന്നു. ഗുര്‍മീതിന്റെ നൂറ് കണക്കിന് ഫോട്ടോകള്‍ ഓടകളില്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധിക്കുന്നത്. ഗുര്‍മീതിന്റെ ജന്മനാട്ടില്‍ തന്നെയാണ് പ്രതിഷേധമെന്നതാണ് ശ്രദ്ധേയം. ഓടകളില്‍ മുഴുവന്‍ ഗൂര്‍മീതിന്റെ നിരവധി ഫോട്ടോകളാണ് ഉള്ളതെന്നും ഓടയിലൂടെ വെള്ളം ഒഴുകുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ തങ്ങള്‍ ഞെട്ടിപ്പോയെന്നും രാജസ്ഥാനിലെ ശ്രീരംഗനഗര്‍ സാനിറ്റേഷന്‍ ഇന്‍സ്പെക്ടര്‍ തലവന്‍ ദേവേന്ദ്ര റാത്തോര്‍ പറയുന്നു.

ഓടയില്‍ മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓടകള്‍ നിറയെ ഗുര്‍മീതിന്റെ നൂറ് കണക്കിന് വരുന്ന ഫോട്ടോകളായിരുന്നു. മീരാ ചൗക്കിന് സമീപമുള്ള ഓടകളെല്ലാം തന്നെ ഗുര്‍മീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകളാല്‍ നിറഞ്ഞെന്നും അതുകൊണ്ട് ജലത്തിന്റെ ഒഴുക്കിനെ അത് ബാധിച്ചെന്നും ഇദ്ദേഹം പറയുന്നു. ഓടയിലെ ഒഴുക്ക് സുഗമമാക്കാനായി ഈ ഫോട്ടോകളെല്ലാം ശേഖരിച്ച് മാലിന്യസംസ്‌ക്കരണ പ്ലാന്റിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഫോട്ടോകള്‍ മാത്രമല്ല ചെറിയ പോസ്റ്ററുകളുള്‍പ്പെടെ അദ്ദേഹത്തിന്റെ അനുയായികള്‍ ഓടയില്‍ തള്ളിയിട്ടുണ്ട്.

ശ്രീരംഗനഗര്‍ ജില്ലയിലെ ഗുരുസര്‍ മുദിയ ഗ്രാമത്തിലാണ് ഗുര്‍മീതിന്റെ ജനനം. ബലാത്സംഗക്കേസില്‍ കോടതി വിധി പ്രസ്താവിച്ചപ്പോഴും ഗുര്‍മീതിന് ശിക്ഷ വിധിച്ചപ്പോഴും അനുയായികള്‍ വന്‍ പ്രക്ഷോഭമായിരുന്നു അഴിച്ചു വിട്ടത്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആഞ്ഞടിച്ചിരുന്നു. സമരക്കാര്‍ പല പ്രദേശങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. അക്രമത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

 

Related posts