ബലാത്സംഗ കേസില്‍ ജയിലിലായിട്ടും ഗുര്‍മീത് റാം റഹീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ധേര സച്ചാ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആശ്രമത്തിന്റെ പരിസരത്ത് നിരവധി പേരെ അടക്കം ചെയ്ത വിവരം ഗുര്‍മീത് അനുയായിയും ദേര മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ ഡോ.പി ആര്‍ നയിന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അതേസമയം മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നാണ് റാം റഹീമിന്റെ അനുയായികള്‍ പറയുന്നത്.
ധേര ആശ്രമ പരിസരത്ത് നടത്തിയ പരിശോധനയില്‍ നേരത്തെ പോലീസ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടതോ, പീഡനത്തിനിരയായവരുടേതോ ആണോ അസ്ഥികൂടങ്ങള്‍ എന്നും സംശയം ഉയരുന്നുണ്ട്. ഗുര്‍മിതീന്റെ ആശ്രമത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പത്ര പരസ്യം കണ്ട് ഗുര്‍മീതിന്റെ ആശ്രമത്തിലേക്ക് നല്‍കിയ കുഞ്ഞിനെ 12 വര്‍ഷമായി കാണാനില്ലെന്ന പരാതിയുമായി റോത്തക്ക് സ്വദേശിയായ യുവതി രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ ആകൃഷ്ടരായി നിരവധി പേര്‍ കുഞ്ഞുങ്ങളെ ആശ്രമത്തിന് ദാനം ചെയ്തിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ധേര ആശ്രമത്തിനകത്തുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അനുമതിയില്ലാത്ത അവയവ കൈമാറ്റവും നടന്നിരിക്കാമെന്ന സംശയം പോലീസിനുണ്ട്.