ജയിലിലും ഗുര്‍മീത് റാം റഹിം സിംഗിന് രാജകീയ ജീവിതം തന്നെ! ഭക്ഷണമെത്തിക്കുന്നതുപോലും പ്രത്യേക വാഹനത്തില്‍; ഗുര്‍മീതിനെ ജയിലില്‍ എത്തിച്ചതുമുതല്‍ തങ്ങളുടെ കഷ്ടപ്പാട് തുടങ്ങിയെന്നും സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

ഗുര്‍മീത് റാം റഹീം സിംഗിനു ജയിലില്‍ പ്രത്യേക പരിചരണമെന്ന് റിപ്പോര്‍ട്ടുകള്‍. ജാമ്യത്തിലിറങ്ങിയ സഹതടവുകാരന്റെ ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുര്‍മീത് ജയിലിലുണ്ടയെന്ന രീതിയില്‍ പുറത്തുവന്ന അഭ്യൂഹങ്ങള്‍ക്കിടെ റാം റഹീം ജയിലില്‍ ഉണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. പക്ഷേ ആരും ഗുര്‍മീതിനെ കാണുന്നില്ല എന്നതാണ് സത്യം. ഗുര്‍മീത് ഉള്ള സ്ഥലങ്ങളില്‍ പോകാന്‍ ആരെയും അനുവദിക്കുന്നുമില്ല. ഇയാള്‍ സെല്ലിനു പുറത്തുകടക്കുമ്പോള്‍ മറ്റു സഹതടവുകാരെ അടച്ചിടും. കാന്റീനില്‍ പോയി വെള്ളം, പാല്‍, ജ്യൂസ് എന്നിവ എടുക്കാനാണ് ഗുര്‍മീത് മിക്കവാറും പോകാറുള്ളത്. ഭക്ഷണം കൊണ്ടുവരാന്‍ പ്രത്യേക വാഹന സൗകര്യമുണ്ട്. സഹതടവുകാരനായ രാഹുല്‍ ജെയ്ന്‍ പറഞ്ഞു.

റാം റഹീം ജയിലിലായതിനാല്‍ മറ്റ് തടവുകാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും ജെയ്ന്‍ ആരോപിച്ചു. ഗുര്‍മീതിനെ ജയിലില്‍ കൊണ്ടുവന്ന ദിവസം മുതല്‍ കഷ്ടപ്പാടുകള്‍ ആരംഭിച്ചു. മുമ്പ്, ജയിലിനുള്ളില്‍ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, ഭക്ഷണവും സൗകര്യങ്ങളും മികച്ചതായിരുന്നു, പക്ഷേ, ഇപ്പോള്‍ എല്ലാം മാറി, ഇപ്പോള്‍ വസ്ത്രങ്ങളും ചെരുപ്പും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ല, ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സഹതടവുകാര്‍ ഈ അനീതിയ്ക്കെതിരെ സമരം നടത്തി, പക്ഷേ സ്ഥിതിവിശേഷങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. റാം റഹീം ജയിലില്‍ ജോലി ചെയ്യുന്ന വാര്‍ത്തകള്‍ ജെയ്ന്‍ നിരാകരിച്ചു. ഗുര്‍മീത് ജോലി ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല, പക്ഷേ അധികൃതര്‍ ഇത് നിരസിക്കുന്നു, സഹതടവുകാര്‍ക്ക് സന്ദര്‍ശന സമയം ഇരുപത് മിനിറ്റ് അനുവദിക്കുമ്പോള്‍ റാം റഹീമിന് അത് രണ്ട് മണിക്കൂറാണ്. ജെയ്ന്‍ പറഞ്ഞു. അതേസമയം, ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നും ജയിലില്‍ ഗുര്‍മീതിന് പ്രത്യേക പരിചരണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഹരിയാന മന്ത്രി കൃഷ്ണന്‍ ലാല്‍ പന്‍വാര്‍ പറഞ്ഞു. മറ്റ് തടവുകാരും ബാബയും താമസിക്കുന്ന സ്ഥലങ്ങള്‍ തമ്മില്‍ കുറച്ച് അകലമുണ്ട്. അതിനാല്‍ തടവുകാര്‍ കഥകളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സ 2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ ഓഗസ്റ്റ് 28നാണ് ഗുര്‍മീതിന് രണ്ട് കേസുകളിലായി 20 വര്‍ഷമാണ് തടവ് ലഭിച്ചത്.

 

 

Related posts