ഹരിയാനയില്‍ ബലാത്സംഗത്തിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നു. ഗുര്‍മീതിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇവരെ തിരിച്ചറിയാവുന്നത്.മാത്രമല്ല വനിതാ സംഘത്തില്‍ പെട്ട ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീതിന്റെ അറസ്റ്റോടെ രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമം ആയിരം ഏക്കറില്‍ പരന്നുകിടക്കുന്നു. ഇവിടെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഒരു പ്രദേശത്തായിരുന്നു ഗുര്‍മീതിന്റെ പെണ്‍ഗുണ്ടകളുടെ വാസം. കളരിപ്പയറ്റ്, കരട്ടെ തുടങ്ങി എല്ലാത്തരം ആയോധനകലകളിലും ഇവര്‍ സമര്‍ഥരായിരുന്നു.
രാജ്യത്ത് വിവിഐപി പദവിയും സെഡ് കാറ്റഗറി സുരക്ഷയുമുള്ള 36 പേരില്‍ ഒരാളായ ഗുര്‍മീതിന്റെ പോക്കറ്റിലായിരുന്നു ഹരിയാന, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളിലേറെയും. എന്നാല്‍ അറസ്റ്റിലായതോടെ ഗുര്‍മീതിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു. ഇപ്പോള്‍ അനുയായികള്‍ പലരും ഗുര്‍മീതിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്.