ബലാല്സംഗക്കേസില് ജയിലില് കഴിയുന്ന ദേര സച്ചാ സൗദ തലവന് ഗുര്മീത് റാം റഹിം സിംഗിന് ജയിലില് പ്രത്യേക പരിഗണനയെന്ന് വിവരം. ഗുര്മീതിനൊപ്പം ജയിലില് കഴിഞ്ഞ രാഹുല് ജെയ്ന് ജാമ്യത്തില് പുറത്തെത്തിയപ്പോഴാണ് ഗുര്മീതിന് ജയിലില് ലഭിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് പുറംലോകമറിഞ്ഞത്.ഗുര്മീതിനോട് ജയില് അധികൃതര് പെരുമാറുന്നത് മറ്റ് തടവുകാരോട് പെരുമാറുന്നതു പോലെയല്ലെന്നും പുറത്തു വന്ന തടവുകാരന് വെളിപ്പെടുത്തുന്നു.
ഗുര്മീത് ജയിലിലുണ്ടെങ്കിലും ആരും അദ്ദേഹത്തെ ഇന്നേവരെ കണ്ടിട്ടില്ലയെന്നതാണ് യാഥാര്ഥ്യം. ഗുര്മീതിനെ പാര്പ്പിച്ചിരിക്കുന്നിടത്തേയ്ക്ക് മറ്റാര്ക്കും പ്രവേശനമില്ലയെന്നതാണ് കാരണം. ഗുര്മീതിനെ സെല്ലില് നിന്നും പുറത്തിറക്കുന്ന സമയത്ത് മറ്റ് തടവുകാരെയെല്ലാം പൂട്ടിയിടും. പാലോ, ജ്യൂസോ ഒക്കെയാണ് അദ്ദേഹത്തിനു പതിവായി കുടിക്കാന് കൊടുക്കാറ്.
ഗുര്മീത് ജയിലില് എത്തിയതോടെ സാധാരണ തടവുകാര് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള് നിരവധിയാണ്. മുന്പ് ജയില് വളപ്പിനുള്ളില് സ്വതന്ത്രമായി നടക്കാമായിരുന്നു. നല്ല ഭക്ഷണവും ലഭിച്ചിരുന്നു. എന്നാല്, ഇപ്പോള് ഇതുമാറി. വസ്ത്രങ്ങളും ചെരിപ്പും ഉള്പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള് പോലും ഇപ്പോള് ലഭിക്കുന്നില്ല. ഇതോടെ മറ്റൊരു തടവുകാരന് ജഡ്ജിയെ സമീപിച്ചുവെന്നും അങ്ങനെയാണ് കുറച്ചെങ്കിലും മാറ്റങ്ങള് ഇക്കാര്യത്തില് ഉണ്ടായതെന്നും രാഹുല് ജെയ്ന് പറയുന്നു. ഗുര്മീത് ജയിലില് പണിയെടുക്കുന്നുണ്ടെന്നാണ് അധികൃതര് പറയുന്നതെങ്കിലും ആരും ഇന്നേ വരെ അങ്ങൊരു കാഴ്ച കണ്ടിട്ടില്ലയെന്നും ഇയാള് പറയുന്നു.