ചണ്ഡീഗഢ്: ബലാംല്സംഗക്കേസില് അകത്തുപോയ ദേരാ സച്ച സൗദാ തലവന് ഗുര്മീത് റാം റഹിം ഇനി ജയിലില് പൊന്നു വിളയിക്കും. ജയിലില് കൃഷിപ്പണിയാണ് ആള്ദൈവത്തിന് ലഭിച്ചിരിക്കുന്നത്. ദിവസവും എട്ട് മണിക്കൂര് ജോലി ചെയ്യുമ്പോള് 20 രൂപയാണ് ഗുര്മീതിന് കൂലിയായി ലഭിക്കുന്നത്. ഗുര്മീത് വളര്ത്തിയെടുക്കുന്ന പച്ചക്കറികളാവും ജയിലിലെ പൊലീസുകാരും സഹതടവുകാരും കഴിക്കുന്നത്. ഇതോടെ നടനും ഗായകനുമായ റോക്ക് സ്റ്റാര് സ്വാമി കൃഷിക്കാരനായി മാറുകയാണ്.
700 ഏക്കറോളം വരുന്ന ദേരാ ആസ്ഥാനത്ത് എസി മുറിയില് സുഖലോലുപനായി കഴിഞ്ഞ ഗുര്മീതിന് ഇനി നന്നായി വിയര്പ്പൊഴുക്കേണ്ടി വരും. ഗുര്മീതിനെതിരെയുള്ള കൊലപാതക കേസ് കഴിഞ്ഞ ദിവസം പഞ്ച്കുല സിബിഐ കോടതി പരിഗണിച്ചിരുന്നു. സിര്സ സ്വദേശിയായ മാധ്യമ പ്രവര്ത്തകന് രാം ചന്ദര് ചാത്രപതി, ദേരയുടെ മുന് മാനേജന് രഞ്ജിത്ത് സിംഗ് എന്നിവരെ 2002ല് കൊലപ്പെടുത്തിയ കേസാണ് പരിഗണിച്ചത്.
ഇതിനിടെ ഗുര്മീത് തന്നെ ജയിലില് വന്ന് കാണേണ്ട പത്ത് പേരുടെ പട്ടിക കൈമാറിയിരുന്നു. പട്ടികയില് ആദ്യസ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത് ദത്ത് മകള് ഹണിപ്രീതാണ്. തൊട്ടുപിന്നാലെ മക്കളും മരുമക്കളുടെയും പേരുകള് ഉണ്ട്. എന്നാല് ഭാര്യയുടെ പേരില്ല. ഗുര്മീതിന്റെ ദത്തുപുത്രി കൊടും കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് പ്രഖ്യാപിച്ചിരുന്നു.2002 ല് തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്കുട്ടികളെ ബലാത്സംഗം ചെയ്ത കേസില് ഓഗസ്റ്റ് 25 നാണ് ഗുര്മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് കേസില് വിധി പ്രസ്താവം നടത്തിയത്.