പഞ്ചകുല: ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ആൾദൈവം ഗുർമീത് രാം റഹിമിന്റെ സുരക്ഷാ സംഘത്തിൽ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഗുർമീതിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചതിനാണ് നടപടി.
ഗുർമീതിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്ന സംഘത്തിൽ അംഗമായിരുന്ന ഏഴു പോലീസുകാരാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആറു വർഷമായി ഈ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഗുർമീതിന് സുരക്ഷ ഒരുക്കിയിരുന്നത്. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ഏഴു ദിവസത്തേക്കു റിമാൻഡ് ചെയ്തു.
കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ഗുർമീതിനെ അറസ്റ്റ് ചെയ്തു ഹെലിക്കോപ്റ്ററിൽ റോഹ്തക്കിലേക്കു കൊണ്ടുപോകാൻ തുടങ്ങവെയാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചത്. ഇവർ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേതുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയത്.
കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഗുർമീത് റാം റഹിം സിംഗിന് ഏർപ്പെടുത്തിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.