ചണ്ഡിഗഡ്: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹീമിന്റെ വസതിയിൽനിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം. ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടന്ന റെയ്ഡിലാണ് അതീവ രഹസ്യ തുരങ്കം കണ്ടെത്തിയത്. രണ്ട് തുരങ്കങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതിലൊന്ന് വനിതാ ഹോസ്റ്റലിലേക്കുള്ളതാണ്.
മറ്റൊന്ന് ദേരാ ആശ്രമ പരിസരത്തുനിന്നും അഞ്ചു കിലോമീറ്റർ മാറി റോഡിലാണ് തുറക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ ഗുർമീതിനും അനുയായികൾക്കും രക്ഷപെടാനുള്ളതാണ് ഇതെന്നാണ് കരുതുന്നത്. റാം റഹീമിന്റെ സ്വകാര്യ വസതിയിൽനിന്നാണ് തുരങ്കങ്ങൾ ആരംഭിക്കുന്നത്. ദേരാ ആശ്രമത്തിൽനിന്നും നൂറുകണക്കിന് ജോഡി ഷൂസുകളും വസ്ത്രങ്ങളും തൊപ്പികളും കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ നടന്ന പരിശോധനയിൽ ആശ്രമത്തിനുള്ളിൽ അനധികൃത സ്ഫോടക വസ്തുനിർമാണശാല കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഇവിടെനിന്ന് കണ്ടെടുത്തതായി സംസ്ഥാന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ പറഞ്ഞു. ഇവിടെനിന്നും 85 പെട്ടി സ്ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായവ നിർമിക്കുന്നതിനാണ് ഫാക്ടറി സ്ഥാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ ഇത് അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ആയുധ നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫാക്ടറി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ചുവരികയാണ്. പോലീസ് ഫാക്ടറി പൂട്ടി സീൽ ചെയ്തു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ദേരാ സച്ചാ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. 800 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം ആശ്രമത്തിൽനിന്നു പ്ലാസ്റ്റിക് നാണയങ്ങൾ, ഹാർഡ് ഡിസ്ക്, കംപ്യൂട്ടറുകൾ, കാറുകൾ തുടങ്ങി നിരവധി വസ്തുകൾ പോലീസ് പിടിച്ചെടുത്തിരുന്നു.