പാറ്റ്ന: കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം ഒരു മാസത്തെ പരോൾ ആവശ്യപ്പെട്ട് അപേക്ഷ നൽകി. ഹരിയാനയിലെ തന്റെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യാനാണ് ഗുർമീത് പരോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ജയിൽ വകുപ്പ് ജില്ലാ ഭരണകൂടത്തിനു കൈമാറി.
പരോൾ അനുവദിക്കുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ റോഹ്തക്കിലെ പോലീസ് കമ്മീഷണറോടു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗുർമീതിന്റെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നു കാട്ടി ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ഗുർമീതിനു കൃഷി സ്ഥലമുണ്ടോയെന്നറിയാൻ റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും മറുപടി വന്ന ശേഷമേ റിപ്പോർട്ട് നൽകൂയെന്നും കമ്മീഷണർ അറിയിച്ചു.
മാനഭംഗക്കേ സിൽ 20 വർഷം തടവിനും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയാണു ഗുർമീത്.