ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഇന്ത്യാക്കാരൻ നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറാൻ ചെക്ക് അപ്പീൽ കോടതി അനുമതി നൽകി. ഇപ്പോൾ ചെക് റിപ്പബ്ലിക്കിൽ കസ്റ്റഡിയിൽ കഴിയുകയാണ് നിഖിൽ ഗുപ്ത.
അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖാലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ 52കാരനായ നിഖിൽ ഗുപ്ത ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. ഗുപ്തയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്കിന്റെ കൈയിലാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് അധികൃതരുടെ നിർദ്ദേശ പ്രകാരം 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ചാണ് നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുഎസ് അധികാരികളുടെ അന്വേഷണം തെറ്റാണെന്നും അവർ അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നുമാണ് നിഖിൽ ഗുപ്തയുടെ ആരോപണം.
ഗുപ്തക്ക് നയതന്ത്ര സഹായം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നുവെങ്കിലും കേസിനാസ്പദമായ വിഷയം സെൻസിറ്റീവ് ആണെന്നും അതിൽ ഇടപെടാൻ കോടതിക്ക് പരിമിധികളുണ്ടെന്നും വിദേശ കോടതിയുടെ അധികാരപരിധി മാനിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസ്സമ്മതിച്ചത്.
അതേസമയം ഹർജിക്കാരന് തന്റെ രാജ്യത്ത് നിന്ന് സഹായം തേടാൻ അവകാശമുണ്ടെന്ന് നിഖിൽ ഗുപ്തയുടെ അഭിഭാക്ഷകൻ വാദിച്ചു. നിലവിൽ നിഖിൽ ഗുപ്തയുടെ ജീവന് ഭീഷണിയുണ്ടെന്ന് യുഎസ് ഏജൻസികൾ ചൂണ്ടിക്കാട്ടിയതിനാൽ അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് നിഖിൽ ഗുപ്തയുടെ കുടുംബം അവകാശപ്പെടുന്നത്. നിഖിൽ ഗുപ്തയ്ക്കെതിരെ വാടകക്കൊലയാളിയെ ഏർപ്പാടാക്കുക, കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.