ഗുരുവയൂർ: പതിവിനു വിരുദ്ധമായി ക്ഷേത്ര ചുറ്റുമതിലിലും ഉദ്ഘാടന ശിലാഫലകങ്ങൾ സ്ഥാപിച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായി ദേവസ്വം സ്ഥാപിച്ച സിസിടിവി കാമറകളുടെ ഉദ്ഘാടന ശിലാഫലകമാണ് ക്ഷേത്ര ചുറ്റുമതിലിന്റെ തെക്കേഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ആയിരുന്നു അധ്യക്ഷൻ.എന്നാൽ അധ്യക്ഷനായ എംഎൽഎയുടെ പേരൊഴിവാക്കി പരിപാടിയിൽ ഇല്ലാതിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് അധ്യക്ഷസ്ഥാനത്ത് വച്ചാണ് ശിലാഫലകം സ്ഥാപിച്ചിട്ടുള്ളത്.
ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ വഴിപാടുകൾ സമർപ്പിക്കാറുണ്ടെങ്കിലും ക്ഷേത്ര ചുറ്റുമതിലിൽ ശിലാഫലകം സ്ഥിപിക്കാറില്ല. 2007ൽ ഒരു ഭക്തൻ വഴിപാടായി സ്ഥാപിച്ച വെളളം ശുദ്ധീകരണത്തിന്റെ ഉദ്ഘാടനം അന്ന് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ നിർവഹിച്ചിരുന്നു.
അതിന്റെ ശിലാഫലകം പടിഞ്ഞാറെനടയിലെ ചുറ്റുമതിലിൽ സ്ഥാപിച്ചത് വിവാദമായിരുന്നു.അതിനുശേഷം പിന്നീട് ശിലാഫലകങ്ങൾ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്നില്ല. നിരവധി ഭക്തർ കോടികളുടെ നിർമാണങ്ങൾ വഴിപാടുകളായി ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ടെങ്കിലും അതിന്റെയൊന്നും ഉദ്ഘാടന ഫലകങ്ങൾ ക്ഷേത്ര ചുറ്റുതിലിൽ സ്ഥാപിച്ചിരുന്നില്ല.2007ന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു ശിലാഫലകം ക്ഷേത്ര ചുറ്റുമതിലിൽ സ്ഥാപിക്കുന്നത്.