തലയോലപ്പറന്പ്: സ്വകാര്യ ബസിലെ ക്രിസ്മസ് ആഘോഷം യാത്രക്കാർക്കാവേശമായി. ഇളംകാട്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ് ബസിലെ ആഘോഷമാണ് യാത്രക്കാർക്കാവേശമായി മാറിയത്. രാവിലെ പതിവുപോലെ എറണാകുളത്തേക്ക് യാത്ര പുറപ്പെട്ട ബസ് തലപ്പാറയ്ക്കുസമീപം തിരക്കൊഴിഞ സ്ഥലത്ത് നിർത്തിയപ്പോൾ യാത്രക്കാർ ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നീടാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്കുമുറിക്കാൻ വേണ്ടിയാണ് നിർത്തിയതെന്ന് യാത്രക്കാരിൽ പലർക്കും മനസിലായത്.
തുടർന്ന് അരമണിക്കൂർ സമയം ബസിലെ സ്ഥിരം യാത്രക്കാരുടെ ആട്ടവും പാട്ടും സെൽഫിയെടുക്കലുമൊക്കയായി. ബസിലെ സ്ഥിരം യാത്രക്കാരായ ഗസറ്റഡ് റാങ്ക് ജീവനക്കാർ മുതൽ താഴേ തട്ടിലുള്ളവർ വരെ ഒരേപോലെ ആഘോഷങ്ങളിൽ പങ്കുചേർന്നത് യാത്രികരായ വിദ്യാർഥികൾക്കും വേറിട്ട അനുഭവമായി.
ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയാണ് ആഘോഷം സംഘടിപ്പിച്ചത്. മുതിർന്ന യാത്രികനായ ഷാജി പാപ്പൻ, കടുത്തുരുത്തി റബ്ബർ മാർക്കിലെ ഉയർന്ന ജീവനക്കാരനായ മനോജ്, ബസ് ജീവനക്കാരായ സുഹാസ്, ദിലീപ്, അനൂപ് എന്നിവർ നേതൃത്വം നൽകി.