ഹരിപ്പാട്: കുമാരപുരം എരിക്കാവ് ഗുരുദേവ ട്രസ്റ്റ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ. ഡയറക്ടർമാരായ എഴിക്കാവ് പുഴിക്കാട്ടിൽ അജിത് ശങ്കർ, ഊടത്തിൽ കിഴക്കതിൽ സുകുമാരൻ, കണ്ടലിൽ രാജപ്പൻ എന്നിവരെ തൃക്കുന്നപ്പുഴ പോലീസും ട്രസ്റ്റ് ജോ. സെക്രട്ടറി എരിക്കാവ് ഉപ്പുകുന്നേൽ മണിലാലിന്റെ ഭാര്യയും സ്ഥാപനത്തിന്റെ ജീവനക്കാരിയുമായ ദീപ്തി (44)യെ വിയപുരം പോലീസുമാണ് അറസ്റ്റ് ചെയ്ത്.
ഗുരുദേവ ട്രസ്റ്റ്പ്രസിഡന്റ് എം. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് സതീശൻ, സെക്രട്ടറി ടി.പി. പ്രസാദ്, ജോ.സെക്രട്ടറി മണിലാൽ എന്നിവർ ഒളിവിലാണ്.
12 മുതൽ 18 വരെ ശതമാനം പലിശ വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചശേഷം നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങിയതായ പരാതിയിലാണ് നടപടി.1200ഓളം നിക്ഷേപകർ 100 കോടി രൂപയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന.
തട്ടിപ്പുമായി ബന്ധപ്പെട്ട് 47 കേസുകളാണ് തൃക്കുന്നപ്പുഴ സ്റ്റേഷനിൽ എടുത്തിരുന്നത്. 800 ഓളം പരാതികൾ കാർത്തികപ്പള്ളി ലീഗ് സർവീസ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു.
ഇതിൽ ആദ്യം ലഭിച്ച 300 പരാതികളിൽ കഴിഞ്ഞ ശനിയാഴ്ച ഹരിപ്പാട് കോടതിയിൽ അദാലത്ത് നടത്തിയിരുന്നു. ആറുമാസത്തിനുള്ളിൽ പരാതികൾ പരിഹരിച്ച് തരാമെന്ന് സ്ഥാപനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഉറപ്പുനൽകി.
ശേഷിക്കുന്ന പരാതികൾ ഉടൻതന്നെ അദാലത്ത് നടത്താനാണ് തീരുമാനം . നടപടികൾ വേഗത്തിലാക്കുന്നതിനായി സമീപത്തെ സ്റ്റേഷനുകളിലേക്കുകൂടി കേസിന്റെ ചുമതല കൈമാറിയിരുന്നു.
ഇതനുസരിച്ചാണ് വിയപുരം പോലീസ് പ്രതികളിലൊരാളെ അറസ്റ്റുചെയ്തത്. ഒന്നരമാസം മുമ്പാണ് ഗുരുദേവ ട്രസ്റ്റ് ഭാരവാഹികളും ചില ജീവനക്കാരും ഉൾപ്പെടെയുള്ളവർ കുടുംബസമേതം സ്ഥലംവിട്ടത്.
സ്ഥാപനം അടച്ചുപൂട്ടിയശേഷമാണിത്. ഇതോടെ പരിഭ്രാന്തരായ നിക്ഷേപകർ പരാതിയുമായി തൃക്കുന്നപ്പുഴ പോലീസിനെ സമീപിച്ചു.
എന്നാൽ, സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി പരാതി സ്വീകരിക്കാൻ പോലീസ് തയാറായില്ല. ഇതിനെതിരേ നിക്ഷേപകർ മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നൽകി. തുടർന്നാണ് പോലീസ് കേസെടുക്കുന്നത്.