ലാഹോർ: ലാഹോറിലെ ഗുരുനാനാക് കൊട്ടാരം തകർത്തെന്ന പാക്കിസ്ഥാൻ പത്രമായ ഡോണിന്റെ വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. ഇന്ത്യടുഡേ നടത്തിയ അന്വേഷണത്തിലാണ് ഡോൺ നൽകിയത് തെറ്റായ വാർത്തയാണെന്ന് തെളിഞ്ഞത്. ഗുരുനാനാക് കൊട്ടാരമാണെന്ന് ഡോൺ നൽകിയ വാർത്തയിലുള്ളത് പാക് പഞ്ചാബ് പ്രവിശ്യയിലുള്ള ബാട്ട് എന്ന ഗ്രാമത്തിലെ ഒരു ഷെൽട്ടർ ഹോമാണ്.
ഗ്രാമത്തിലെ പാവപ്പെട്ടവരാണ് ഇവിടെ താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം കെട്ടിടം തകർന്നു വീണതോടെയാണ് പ്രദേശവാസികൾ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും അഴിച്ചുകൊണ്ടു പോയത്. സിഖ് വിശ്വാസികൾ ആരും ഇവിടെ സന്ദർശിക്കാറില്ലായിരുന്നു.
ഡോൺ തെറ്റായ വാർത്ത നൽകിയതിനെതിരേ പ്രവിശ്യയിലെ സിഖ് സമൂഹം പ്രതിഷേധിച്ചു. പാലസ് ഓഫ് ബാബ ഗുരു നാനാക്കിൽ ബാബാ ഗുരു നാനക് താമസിച്ചിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. റവന്യൂ രേഖകൾ പരിശോധിച്ചതിൽ ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടത്തെക്കുറിച്ച് വിവരമില്ലെന്നും മുനിസിപ്പൽ കമ്മിറ്റിയുടെ റിക്കാർഡ് പരിശോധിച്ചുവരികയാണെന്നും നരോവാൾ ഡെപ്യൂട്ടി കമ്മീഷണർ വഹീദ് അസ്ഘർ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിൽനിന്ന് നൂറു കിലോമീറ്റർ അകലെ നരോവാൾ പട്ടണത്തിലാണ് കൊട്ടാരം.
സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെയും ഹൈന്ദവ ഭരണാധികാരികളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പാലസ് ഓഫ് ബാബ ഗുരു നാനാക് എന്ന നാലുനിലക്കെട്ടിടത്തിൽ 16 മുറികളാണുള്ളത്. ഓരോ മുറിയിലും കുറഞ്ഞത് മൂന്നു വാതിലും നാലു ജനാലകളുമുണ്ട്.
വാതിലുകൾ പൂക്കളുടെ മാതൃക കൊത്തിവച്ചിട്ടുള്ളവയാണ്. ചന്ദനം, കളിമണ്ണ്, കുമ്മായക്കട്ട എന്നിവകൊണ്ടാണു വിസ്താരമുള്ള മുറികൾ നിർമിച്ചിരിക്കുന്നത്. ഡോൺ നൽകിയ വാർത്തയുടെ അടിസ്ഥാത്തിൽ ഇന്ത്യയിലെ മാധ്യമങ്ങളും ഗുരുനാനാക് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള തടി ഉരുപ്പടികളും വാതിലുകളും പ്രദേശവാസികളായ സാമൂഹികവിരുദ്ധർ പൊളിച്ചു വിറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു.