
തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപനം സംബന്ധിച്ച തർക്ക സ്ഥലമായ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷനിൽ ശ്രീനാരായണഗുരു പ്രതിമ സ്ഥാപന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചതയദിനത്തോടനുബന്ധിച്ച് പീത പതാക ഉയർത്തി.
ഇവിടെ പ്രതിമാ സ്ഥാപനത്തിനു തുടക്കം കുറിച്ചു ആലുവ അദ്വൈതാശ്രമം സ്വാമി ശിവസ്വരൂപാനന്ദ 10 ന് തറക്കല്ലിടുമെന്ന് പ്രസിഡന്റ് രാജീവ് കാവനാൽ പറഞ്ഞു.
എസ്എൻഡിപി നടമ ശാഖയുടെ പരിധിയിൽ വരുന്ന ഇവിടെ കണയന്നൂർ യൂണിയന്റെ കീഴിലുള്ള ശാഖകളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റൊരു ഗുരുപ്രതിമാ നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയിരുന്നു.
മെട്രോ നിർമാണത്തോടനുബന്ധിച്ച് എസ്എൻ ജംഗ്ഷനിൽ നിന്നിരുന്ന 45 വർഷം പഴക്കമുള്ള ഗുരുപ്രതിമ നീക്കം ചെയ്ത് ജില്ലാ കളക്ട്രേറ്റിലേക്ക് മാറ്റിയിരുന്നു. അവകാശ തർക്കം മൂലം ഇത് കളക്ടറുടെ കസ്റ്റഡിയിൽ ആണ്.
പ്രതിമാ സ്ഥാപന കമ്മിറ്റിയും എസ്എൻഡിപിയും ഇരുവശങ്ങളിൽ നിന്നുമായി ഓരോ ഗുരുവിനെ സ്ഥാപിക്കുന്നതോടെ വിഷയം എസ്എൻഡിപിയുടെ സംസ്ഥാന നേതൃതലത്തിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
ഇതിനിടെ കളക്ടറുടെ കസ്റ്റഡിയിൽനിന്നു പ്രതിമ വിട്ടുകിട്ടിയാൽ മൂന്നാമതൊരു പ്രതിമ കൂടി എസ്എൻ ജംഗ്ഷനിൽ സ്ഥാപിക്കപ്പെടുമെന്ന കൗതുകകരമായ സാഹചര്യംകൂടി രൂപപ്പെട്ടുവരുന്നു.
ഇതിനിടെ എസ്എൻ ജംഗ്ഷനിലെ എസ്എൻഡിപിയുടെ നേതൃത്വത്തിലുള്ള നിർമ്മാണ മേഖലയിൽ ചതയദിനത്തോടനുബന്ധിച്ച് യാതൊരുവിധ ആഘോഷവും നടന്നില്ല.
കമ്പ്രഷൻമുക്ക് എന്ന പേരിലെ അപമാനം നീക്കാൻ നാട്ടിലെ കുറെ പ്രമാണിമാർ മുൻകൈ എടുത്ത് ഗുരുപ്രതിമ സ്ഥാപിച്ചു എസ്എൻ ജംഗ്ഷൻ എന്ന പേര് നൽകുകയായിരുന്നു.
കമ്പ്രഷൻമുക്ക് എന്ന പേര് ചരിത്രത്തിലേക്ക് മാഞ്ഞതോടൊപ്പം പ്രതിമാ സ്ഥാപന കമ്മിറ്റിയിലെ അംഗങ്ങളും മൺമറഞ്ഞു. നല്ല ആശയത്തിനുവേണ്ടി പ്രവർത്തിച്ചവരുടെ പിൻമുറക്കാർ ഇന്ന് ഗുരുവിന്റെ പേരിൽ കലഹിക്കുകയാണ്.