ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടമംഗല്യ പ്രശ്ന പരിഹാരചടങ്ങുകളുടെ ഭാഗമായി പ്രധാന പരിഹാര ചടങ്ങായ സായജ്യപൂജയും വിളിച്ചുചൊല്ലി പ്രായശ്ചത്തവും നടന്നു.ഗുരുവായൂരപ്പന്റെ വടക്കേമാതിൽമാടത്തിൽ പുലർച്ചെ അഞ്ചിന് സായൂജ്യപൂജ ആരംഭിച്ചു.ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നന്പൂതിരിപ്പാടിന്റെ സാനധ്യത്തിൽ തന്ത്രിചേന്നാസ് ഹരി നന്പൂതിരിപ്പാടാണ് സായൂജ്യപൂജ നിർവ്വഹിച്ചത്.
മുന്പ് പ്രേതാവാഹനം നടത്തിയ ചെറിയ വെള്ളി പ്രതിമകളെ വിഷ്ണു പാദത്തിൽ ലയിപ്പിക്കുന്ന ചടങ്ങാണ് സായൂജ്യപൂജ.സായൂജ്യപൂജക്കിടെ 12ബ്രാഹമണർക്ക് കാൽകഴുകിച്ചൂട്ടും ഒരു ബ്രാഹ്മണന് ദാനവും നടത്തി.സായൂജ്യപൂജക്കുശേഷം രാവിലെ ഒന്പതോടെയായിരുന്നു വിളിച്ചുചൊല്ലി പ്രായശ്ചിത്തം.കൊടിമരത്തിനു മുന്നിൽ ക്ഷേത്രപരിചാരകർ,ഭരണാധികാരികൾ,ജീവനക്കാർ,ഭക്തർ എല്ലാവരും ചേർന്ന് തെറ്റുകൾ ഗുരുവായൂരപ്പനോട് ഏറ്റു പറഞ്ഞു.അറിഞ്ഞോ അറിയാതേയോ തങ്ങളോ പൂർവ്വികരോ ചെയ്ത തെറ്റുകൾക്ക് മാപ്പ് നൽകണമെന്ന് പറഞ്ഞായിരുന്നു പ്രാശ്ചിത്തം നടത്തിയത്.
ക്ഷേത്രം ഉൗരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാടാണ് വിളിച്ചുചൊല്ലി പ്രായശ്ചിത്തത്തിന് നേതൃത്വം നൽകിയത്.വിളിച്ചുചൊല്ലി പ്രായശ്ചത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള എണ്ണാപ്പണം വെള്ളികുടത്തിലും ഉരുളിയിലുമായി നിക്ഷേപിച്ചു.വെള്ളി കുടത്തിൽ സ്വർണ പൊട്ട് സമർപ്പിച്ചശേഷം വെള്ളി കുടത്തിലെ എണ്ണാപ്പണം ക്ഷേത്രം ഉൗരാളൻ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരപ്പാട് ശിരസിലേറ്റി ചുറ്റന്പലം പ്രദക്ഷിണം ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിച്ചു.
ഉരുളിയിൽ നിക്ഷേപിച്ച കാണിക്ക കിഴികെട്ടി അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ കാൽകഴുകിച്ചൂട്ടിൽ പങ്കെടുത്ത ബ്രാഹ്മണർക്കു നൽകി.ബ്രാഹമണർ ഇതിൽനിന്ന് ഒരു വിഹിതം ഗുരുവായൂരപ്പന് സമർപ്പിച്ചു.ഓടിൽ തീർത്ത മണി ചെയർമാൻ കെ.ബി.മോഹൻദാസ് ഗുരുവായൂരപ്പന് സമർപ്പിച്ചു.ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്,ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്,പി.ഗോപിനാഥ് അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ,ക്ഷേത്രം ഡി.എ പി.ശങ്കുണ്ണിരാജ് തുടങ്ങിയവർ വിളിച്ചുചൊല്ലി പ്രായശ്ചിത്തത്തിൽ പങ്കെടുത്തു.പരിഹാരക്രിയകളുടെ ഭാഗമായി നടന്നുവരുന്ന ഭഗവതി സേവ മൂന്നിനും സുകൃതഹോമം പ്രായശ്ചിത്ത സമാപന ദിനമായ ആറിനും സമാപിക്കും.