ഗുരുവായൂർ: കോവിഡിന്റെ നിയന്ത്രണങ്ങളോടെ ഉണ്ണി കണ്ണന്റെ പിറന്നാളാഘോഷം നാളെ ക്ഷേത്രത്തിൽ നടക്കും.അഷ്ടമിരോഹിണിയായ നാളെ മുതൽ ആയിരം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.
ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. ചുറ്റന്പലത്തിൽ പ്രവേശിപ്പിച്ച് വലിയ ബലിക്കല്ലിന് മുന്നിൽ നിന്നു ദർശനം നടത്തി പ്രദിക്ഷണം ചെയ്ത് പുറത്തിറങ്ങുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന്റെ സ്വർണക്കോലം എഴുന്നെള്ളിച്ചുള്ള കാഴ്ചശീവേലിയാണ്. ഒരാനയാണ് എഴുന്നെള്ളിപ്പിനുണ്ടാവുക.രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകുന്ന മേളം അകന്പടിയാകും.
മേളത്തിന് വാദ്യ കലാകാരന്മാരുടെ എണ്ണം നിയന്ത്രിക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിനു വിശേഷാൽ ഇടയക്ക നാദസ്വരം അകന്പടിയാകും.അഷ്ടമിരോഹിണി ദിവസത്തെ പ്രധാന നിവേദ്യമായ അപ്പം 10,000 എണ്ണം തയ്യാറാക്കി നിവേദിക്കും.
200 ലിറ്റർ പാൽപായസ നിവേദ്യവും ഉണ്ടാകും.നാളെ മുതൽ നിവേദ്യങ്ങൾ സീൽ ചെയത കവറുകളിലാക്ക് ഭക്തർക്ക് നൽകി തുടങ്ങും.അഷ്ടമിരോഹിണി ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കാറുള്ള ആഘോഷങ്ങൾ ഇക്കുറി ചടങ്ങാകും.
നായർ സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടമി രോഹിണി ആഘോഷത്തോടനുബന്ധിച്ചുള്ള ഉറി നിറയ്ക്കൽ ചടങ്ങ് ഇന്ന് വൈകിട്ട് മമ്മിയൂരിലുള്ള നായർ സമാജം ഓഫീസിൽ നടക്കും. നാളെ തെരഞ്ഞെടുക്കുന്ന 15 വിടുകളിൽ ഉറിയടിനടക്കും.
അഷ്ടമിരോഹിണിക്ക് മമ്മിയൂർ ക്ഷേത്രത്തിൽ കളഭാഭിഷേകം നടക്കും.രാവിലെ എട്ടിന് തന്ത്രി മഹാവിഷ്ണുവിന് കളഭാഭിഷേകം നടത്തും. ഭക്തർക്ക് കളഭാഭിഷേകം ദർശിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. ഇതാദ്യമായാണ് മമ്മിയൂരിൽ കളഭാഭിഷേകം നടക്കുന്നത്.