ഗുരുവായൂർ: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നിർത്തിവച്ച അഴുക്കുചാൽ പദ്ധതിയുടെ പണികൾ വീണ്ടും തുടങ്ങി. പടിഞ്ഞാറെ നട സെന്റർ മുതൽ പടിഞ്ഞാറെ ഇന്നർ റിംഗ് റോഡുവരെയുള്ള പണികളാണ് വീണ്ടും ആരംഭിച്ചത്.
ദേവസ്വത്തിന്റെ അനുമതിയോടെ കഴിഞ്ഞ 11ന് പണികൾ ആരംഭിച്ചിരുന്നെങ്കിലും പടിഞ്ഞാറെനടയിലെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതോടെ പണികൾ പാളുകയായിരുന്നു. 20ന് പണികൾ തീർത്ത് റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന്് ദേവസ്വത്തിന് ഉറപ്പും നൽകിയിരുന്നു.
ഇതിനായി ജലഅഥോറിറ്റി ദേവസ്വത്തിൽ രണ്ടു ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. കുടിവെള്ള പൈപ്പ് പൊട്ടുകയും രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടാകുകയും ചെയ്തതോടെ 18ന് പണികൾ നിർത്തിവച്ചു. വീണ്ടും ദേവസ്വത്തിൽനിന്ന് അഞ്ചു ദിവസത്തെ സമയംകൂടി വാങ്ങിയശേഷമാണ് ഇന്നലെ പണികൾ പുനരാരംഭിച്ചത്.
165 മീറ്റർ പൈപ്പിടലും അഞ്ച് മാൻ ഹോൾ ടാങ്കുകളും വശത്തെ ചേംബറുകൾ സ്ഥാപിക്കലുമാണ് ഇവിടെ പൂർത്തീകരിക്കാനുണ്ടായിരുന്നത്. ഇതിൽ റോഡ് പൊളിക്കാതെ ഹോറിസോണ്ടൽ ഡ്രില്ലിംഗ് വഴി പൈപ്പിടുന്ന പ്രവൃത്തി പൂർത്തീകരിച്ചു.
മാൻ ഹോൾ ടാങ്കുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് അഞ്ചു ദിവസംകൊണ്ട് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജല അഥോറിറ്റി. അഴുക്കുചാൽ പ്രവൃത്തിയുടെ ഭാഗമായി കൈരളി ജംഗഷൻ മുതൽ പടിഞ്ഞാറെ നടവരെ താത്കാലികമായി അടച്ചു.