ഗുരുവായൂർ; ഗുരുവായൂരിന്റെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി ദശാബ്ദം മുന്‍പ് ആരംഭിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി.പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ചീഫ്എൻജിനീയർ ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘം ഇന്നലെ ഗുരുവായൂരിലെത്തി.
ചക്കംകണ്ടത്തെ ട്രീറ്റ്മെന്റ് പ്ലാന്റ്,റോഡിൽ സ്ഥാപിച്ചിട്ടുള്ള മാൻ ഹോളുകൾ എന്നിവ സംഘം പരിശോധിച്ചു.ജൂണ്‍ മാസത്തിൽ രണ്ടു സോണുകൾ കമ്മീഷൻ ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് ചീഫ് എൻജിനീയർ ജി.ശ്രീകുമാർ അറിയിച്ചു.
പ്ലാന്റിലെ അറ്റകുറ്റപ്പണികൾ അതിന് മുന്‍പ് തീർക്കാനാണ് ശ്രമം. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നത് ഉൾപ്പെടയുള്ള അവസാനവട്ട പണികൾ പൂർത്തീകരിച്ച് മേയ് അവസാനത്തോടെ പൂർത്തീകരിക്കും. 2010ൽ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും 2011 ൽ ആരംഭിച്ച പൈപ്പിടൽ പ്രവർത്തി അവസാനഘട്ടത്തിലാണ്.
മൂന്നു സോണുകളുള്ള പദ്ധതിയിൽ ഒന്നും മൂന്നും സോണിന്റെ നിർമാണം പൂർത്തീകരിച്ചു.ഗുരുവായൂരിലെ ഒന്നര കിലോമീറ്റർ ചുറ്റളവിലെ 33850പേരുടെ 300 ലക്ഷം ലിറ്റർ മാലിന്യം ശുദ്ധീകരിക്കാനുള്ള കപ്പാസിറ്റിയാണ് പ്ലാന്റിനുള്ളത്.വർഷങ്ങൾ നീണ്ട പ്രവർത്തി ജലവിഭവ മന്ത്രിയുടെ ഇടപെടലിനെതുടർന്നാണ് വീണ്ടും വേഗത്തിലായത്.അഴുക്കുചാൽ കർമ സമിതി കണ്‍വീനർ കെ.ജി.സുകുമാരൻ ഹൈക്കോടതിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കോടതി ഇടപെടലോടെയാണ് പദ്ധതിയുടെ നിർമാണം 2009ൽ ആരംഭിച്ചത്.
ചീഫ് എൻജിനീയർക്കു പുറമെ സൂപ്രണ്ടിംഗ് എൻജിനീയർ സി.കെ.പ്രീതിമോൾ, എക്സികുട്ടീവ് എൻജിനീയർ സി.കെ.സജി,എ.എകസ്.ഇ പി.ജെ.ജിഷ,എ.ഇ സി.എം.മനസ്വി എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. ചീഫ് എൻജിനീയറുടെ പരിശോധന ഇന്നും തുടരും.വലിയതോട് ശുചീകരണം വ്യാഴാഴ്ച തുടങ്ങും.വലിയതോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നത് നിർത്തലാക്കും.