ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ രണ്ടു സോണുകളുടെ ഉദ്ഘാടനം ശബരിമല സീസണുശേഷം നടക്കും. ഈമാസം 31ന് മുന്‍പ് ഉദ്ഘാടനം ചെയ്യണമെന്ന് ജലവിഭവ മന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാകില്ല. ഗുരുവായൂരിലെ ഏതാനും മാൻഹോളുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിക്കാനുണ്ട്. ഇത് ശബരിമല സീസണുശേഷമേ പൂർത്തീകരിക്കുകയുള്ളു.
തുടർന്ന് മാൻ ഹോളുകളിലൂടെ വെള്ളം കടത്തിവിട്ട് പരീക്ഷണ പ്രവർത്തനം നടത്തും. അഴുക്കുചാൽ പദ്ധതിയുടെ ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പ്രവർത്തനത്തിന് പ്രധാന തടസമായിരുന്ന വൈദ്യുതി കണക്ഷനുള്ള നടപടികൾ പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന കഴിഞ്ഞ ദിവസം കഴിഞ്ഞു. മറ്റു തടസങ്ങളില്ലെങ്കിൽ ഉടൻ വൈദ്യുതി കണക്ഷൻ ലഭിക്കും.
പൊലൂഷ്യൻ കണ്ട്രോൾ ബോർഡിന്റെ പരിശോധന അടുത്ത ആഴ്ച നടക്കും.പൊലൂഷ്യൻ കണ്ട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ പ്ലാന്റുമായി ബന്ധപെട്ട മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാകും. ജനറേറ്റർ ഉപയോഗിച്ച് പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. പരീക്ഷണ പ്രവർത്തനത്തിൽ തകരാറുകളൊന്നും ഇല്ലെന്ന് ഉദ്യാഗസ്ഥർ അറിയിച്ചു.
ഗുരുവായൂർ വികസനവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു നടന്ന ചർച്ചിയിൽ അഴുക്കുചാൽ പദ്ധതി എത്രയും വേഗം കമ്മീഷൻ ചെയ്യണെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശിച്ചിരുന്നു. ഇന്നു ഗുരുവായൂരിൽ നടക്കുന്ന ഗുരുവായൂർ വികസനത്തിന്റെ തുടർ യോഗത്തിലും അഴുക്കുചാൽ പദ്ധതി ചർച്ചയാകും. അഴുക്കുചാൽ കർമ്മ സമിതി കണ്‍വീനർ കെ.ജി.സുകുമാരൻ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കോടതി ഇടപെടലോടെയാണ് 2009ൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്.