ഗുരുവായൂർ: ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായി. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വിനോദ്കുമാറിനെ പുറത്താക്കിയ ഡിസിസി നടപടിയെ അപലപിച്ച് പാർലമെന്ററി പാർട്ടി ലീഡർ ഉൾപ്പെടെയുള്ള ഒരു വിഭാഗം കൗണ്‍സിലർമാർ നേതൃത്വത്തെ സമീപിച്ചു.
പ്രമേഹ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ്കുമാറിനെ വിപ്പു ലംഘിച്ചുവെന്ന പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തികച്ചും അപലപനീയമാണെന്നും പാർട്ടി നടപടി പുനപരിശോധിക്കാൻ നേതൃത്വം തയാറാകണമെന്നും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എ.പി. ബാബു അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി വോട്ടിംഗിൽ പങ്കെടുപ്പിക്കാൻ ഡോക്ടറുടെ അനുവാദം തേടിയെങ്കിലും അനുവാദം നൽകാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്. ഈ വിവരം റിട്ടേണിംഗ് ഓഫീസറെ രേഖാമൂലം അറിയിച്ചിട്ടുള്ളതായും എ.പി. ബാബു അറിയിച്ചു.
എന്നാൽ വിപ്പ് ലംഘിച്ചാൽ അയോഗ്യത വരുമെന്നതുകൊണ്ടാണ് താൽപര്യമില്ലാത്ത സ്ഥാനാർഥിക്കg വോട്ടു ചെയ്തതെന്ന് കൗണ്‍സിലർ ബഷീർ പൂക്കോട് അറിയിച്ചു.പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ട സ്ഥാനാർഥിയെ പരിഗണിക്കാതെ അഴിമതിക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന രീതിയാണ് നേതൃത്വം കൈകൊണ്ടതെന്നും ബഷീർ പൂക്കോട് അറിയിച്ചു.വരും ദിവസങ്ങളിൽ കോണ്‍ഗ്രസിൽ കാലപം രൂക്ഷമാകുമെന്ന സൂചനയാണ് നേതാക്കളുടെ അഭിപ്രായത്തിലുളളത്.