ഗുരുവായൂർ: ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തുമായുള്ള തർക്കം പരസ്യമാകുന്നു. ഭരണസമിതി അംഗം എ.വി.പ്രശാന്തിന്റെ വിയോജനകുറിപ്പിനെതിരെ ദേവസ്വം ചെയർമാൻ പത്രകുറിപ്പിറക്കി. ചെയർമാനെതിരെ ദേവസ്വം കംപ്യൂട്ടറിൽ നിന്ന് പരാതികൾ അയച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ മൂന്നു ജീവനക്കാരെ സസ്പെന്റ് ചെയ്യാനുള്ള ഭരണസമിതി തീരുമാനമാണ് ചെയർമാനും ഭരണസമിതി അംഗവുമായുള്ള തർക്കത്തിൽ കലാശിച്ചത്.
ദേവസ്വത്തിലെ ഇലക്ട്രിക് വിഭാഗത്തിലെ ജീവനക്കാരെ സസ്പെന്ഡ് ചെയ്യാനുള്ള തീരുമാനം ഇന്നലെ എടുത്തതാണെന്നും ഇന്നാണ് ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധി വിയോജനകുറിപ്പ് നൽകിയതെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് വാർത്താകുറിപ്പിൽ അറിയിച്ചു. ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ കംപ്യൂട്ടർ ദുരുപയോഗം ചെയ്തതായി ഒരു ഭക്തൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിനിടെയാണ് ഹാർഡ് ഡിസ്ക് മോഷണം പോയത്. ഇതോടെ പോലീസിൽ പരാതി നൽകുകയും വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്തു. കംപ്യൂട്ടർ ദുരുപയോഗം ചെയ്ത് പരാതികൾ അയച്ചതായി സസ്പെന്റെ് ചെയ്യപ്പെട്ട കെ.സതീഷ് കുമാറും, പരാതി തയ്യാറാക്കി നൽകിയത് സസ്പെന്റ് ചെയ്യപ്പെട്ട മറ്റൊരു ജീവനക്കാരൻ ജി.രാജേഷ് കുമാറാണെന്നും വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുള്ളതാണ്.
കംപ്യൂട്ടർ മുറിയുടെ ചുമതലക്കാരനാണ് താൽക്കാലിക ജീവനക്കാരനായ പ്രജീഷ്. ഇലക്ട്രിക് വിഭാഗം തലവൻ വിനോദ്കുമാറിന്റെ കൃത്യ വിലോപമുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി നടപടിയെടുക്കാൻ തീരുമാനിച്ചത്. തെളിവുകൾ ഉണ്ടായിട്ടും നടപടി എടുക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് എ.വി.പ്രശാന്ത് സ്വീകരിച്ചത്.
മറ്റ് ഭരണസമിതി അംഗങ്ങൾ തീരുമാനത്തെ അനുകൂലിച്ചതായും ഭരണസമിതി അംഗങ്ങൾ ഇറങ്ങിപ്പോയി എന്ന തരത്തിലുള്ള വാർത്തകൾ ശരിയെല്ലെന്നും കെ.ബി.മോഹൻദാസ് അറിയിച്ചു.എന്നാൽ എ.വി.പ്രശാന്തും മറ്റൊരു ഭരണസമിതി അംഗം പി.ഗോപിനാഥനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എ.വി. പ്രശാന്ത് വിയോജനകുറിപ്പ് നൽകുകയും ചെയ്തു.