ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ താമസം ഉടൻ അവസാനിപ്പിക്കണമെന്ന് ദേവസ്വം സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേവസ്വം ഓഫീസ് കെട്ടിടത്തിൽ ചെയർമാന് താമസിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ശീതീകരിച്ച സ്യൂട്ടും ഓഫീസുമുണ്ട്. അവിടെ താമസിക്കാതെ ദേവസ്വത്തിന് പ്രതിദിനം 3000ത്തോളം രൂപ വാടക ലഭിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസിലെ സ്യൂട്ട് റൂമാണ് ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ക്ഷേത്രനാലന്പലത്തിനുള്ളിൽ വച്ച് സോപാനം ഡ്യൂട്ടിയിലുണ്ടായിരുന്ന ദളിതനായ കാവൽക്കാരനെ ക്ഷേത്രം ഓതിക്കൻ മർദിച്ച സംഭവവും പ്രസാദ ഉൗട്ട് കഴിച്ചിരുന്ന ഭക്തനെ വിളന്പുകാരൻ മർദിച്ച സംഭവവും മൂടിവച്ച് ഒതുക്കിതീർക്കുവാനുള്ള ഭരണസമിതിയുടെ ശ്രമത്തെ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു.
കുറ്റക്കാർക്കെതിരെ മാതൃകാ പരമായി നടപടി സ്വീകരിക്കണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇല്ലാതെ ഭരണസമിതിയോഗം നടത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, ഗുരുവായൂർ ദേവസ്വം ലേബർ കോണ്ഗ്രസ് എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.