ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു വാങ്ങിയ സ്വർണലോക്കറ്റ് വ്യാജമെന്നു ഭക്തന്റെ പരാതി. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഭക്തൻ ദേവസ്വത്തിനും ഒറ്റപ്പാലം പോലീസിനും പരാതി നൽകി. ഒറ്റപ്പാലം പോലീസ് പരാതി ടെമ്പിൾ പോലീസിനു കൈമാറി.
പാമ്പിൻതുള്ളൽ കലാകാരനായ ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശേരി കരുവാൻതൊടി പുത്തൻവീട്ടിൽ മോഹൻദാസാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ മേയ് 13 നാണ് ക്ഷേത്രത്തിൽനിന്ന് രണ്ടു ഗ്രാം തൂക്കമുള്ള ഗുരുവായൂരപ്പന്റെ സ്വർണലോക്കറ്റ് 14200 രൂപയ്ക്കു വാങ്ങിയത്.
സാമ്പത്തികബുദ്ധിമുട്ടിനെതുടർന്ന് ജൂൺ 28 ന് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അമ്പലപ്പാറ ശാഖയിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് ലോക്കറ്റ് വ്യാജസ്വർണമാണ് എന്നറിയുന്നത്.
തുടർന്ന് സ്വർണക്കടയിൽ നടത്തിയ പരിശോധനയിലും ലോക്കറ്റ് സ്വർണമല്ലെന്നു കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. വ്യാജസ്വർണം പണയംവയ്ക്കാൻ ചെന്ന ആൾ എന്ന നിലയിൽ തനിക്കു മാനഹാനി ഉണ്ടായതായും മാനഹാനിക്കും നഷ്ടത്തിനുമുള്ള തുക ദേവസ്വത്തിൽനിന്ന് ലഭ്യമാക്കുന്നതിനു നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.