ഗുരുവായൂർ: ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്ര നഗരിയാക്കി മാറ്റുമെന്നു ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. കേരളത്തിലെ ഇതര ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കും വേദ പാഠശാലകൾക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതി നിരവധി പ്രവർത്തനങ്ങളാണ് തുടങ്ങിവച്ചിട്ടുള്ളത്.
പുതിയതായി വരുന്ന ഭരണസമിതി അതു പൂർത്തീകരിക്കും. അനാഥരായ അമ്മമാർക്ക് കുറൂരമ്മഭവനം നിർമാണം തുടങ്ങിയിട്ടുണ്ട്. ഇത് അവസാന ഘട്ടത്തിലാണ്. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഭരണസമിതി നടപ്പിലാക്കും. ക്ഷേത്രവികസങ്ങൾക്കു ഏറ്റവുമധികം തുക നല്കിയിട്ടുള്ളതു പിണറായി വിജയൻ സർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെവി. അബ്ദുൾ ഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ് വി.എസ്. രേവതി എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി.ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം.വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്. വി. ശിശിർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ 737 ക്ഷേത്രങ്ങൾക്കും 35 അനാഥാലയങ്ങൾക്കും 15 വേദപാഠശാലകൾക്കുമായി നാലുകോടിയിലേറെ രൂപയാണ് ഗുരുവായൂർ ദേവസ്വം സഹായമായി നല്കിയത്.