ഗുരുവായൂർ: വഴിപാടായി ഭക്തർ വാങ്ങുന്ന സ്വർണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിച്ചതിൽ ലക്ഷങ്ങളുടെ കുറവു വന്ന സംഭവത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിൽ ടെന്പിൾ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥർക്കെതിരെയാണു കേസെടുത്തിട്ടുള്ളത്.ഇതിനിടെ ദേവസ്വത്തിന് ലോക്കറ്റ് ഇനത്തിൽ ലഭിക്കാനുള്ള 27,50,000 രൂപയിൽ 2019 -20 കാലത്ത് തിരിമറി നടത്തിയ ഇനത്തിലെ തുകയായ 16,16,000 രൂപ ബാങ്ക് ദേവസ്വത്തിൽ അടച്ചു.
ബാക്കി തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബാങ്കിനു കത്തു നൽകിയിട്ടുണ്ട്.ക്ഷേത്രത്തിൽനിന്നു ഭക്തർ വാങ്ങുന്ന ലോക്കറ്റിന്റെ തുക ബാങ്ക് ജീവനക്കാരൻ എത്തി രസീതി നൽകിയാണ് കൊണ്ടു പോകാറുള്ളത്.
ലോക്കറ്റുകളുടെ തുക മുഴുവനായും പഞ്ചാബ് നാഷണൽ ബാങ്കിൽ വരവു വയ്ക്കാതെയാണു തട്ടിപ്പ് നടത്തിയിട്ടുള്ളത്.ലോക്കറ്റ് വഴിപാട് നിരക്കിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സമഗ്ര അന്വേഷണം നടത്തണം
ഗുരുവായൂർ: ക്ഷേത്രത്തിൽ സ്വർണലോക്കറ്റ് വിൽപ്പന നടത്തിയ പണം ബാങ്കിൽ അടച്ചതിൽ 27 ലക്ഷത്തോളം കുറവു കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി.
ബിജെപി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് തെക്കേനടയിൽ മഹാരാജ ജംഗ്ഷനിൽ പോലീസ് തടഞ്ഞു.
തുടർന്നു നടന്ന ധർണ ബിജെപി ജില്ല വൈസ് പ്രസിഡന്റ് ദയാനന്ദൻ മാന്പുള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ കമ്മിറ്റി പ്രസിഡന്റ് മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറന്പത്ത് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗണ്സിലർമാരായ ശോഭഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.