ഗുരുവായൂർ: കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കി കൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്നലെ രാവിലെ മുതൽ വിവാഹം ബുക്കു ചെയ്യുന്നതിനുള്ള കൗണ്ടർ തുറന്നിരുന്നു.
ഇന്നു വിവാഹങ്ങൾ നടത്തുന്നതിന് ആരും ശീട്ടെടുത്തിട്ടില്ല. നാളെ ആറു വിവാഹങ്ങൾ നടത്തുന്നതിനു മുൻകൂട്ടി ബുക്കു ചെയ്തിട്ടുണ്ട്. 25 വിവാഹങ്ങൾ ഇന്നലെ ബുക്കിംഗ് ആയിട്ടുണ്ട്. 500 രൂപയാണു വിവാഹം നടത്തുന്നതിനു ദേവസ്വം ഈടാക്കുന്നത്. വിവാഹം നടത്തുന്നതിനു ദേവസ്വം മാനദണ്ഡം അനുസരിച്ചുള്ള രേഖകൾ കൊണ്ടുവരണം.
10 പേർക്കാണു വിവാഹ മണ്ഡപത്തിലേക്കു കടക്കാൻ അനുവാദം നൽകുക. ദേവസ്വത്തിന്റെ ഒൗദ്യോഗിക ഫോട്ടോഗ്രാഫർമാർ 10 മിനിറ്റു ദൈർഘ്യമുള്ള വീഡിയോയും, ചിത്രങ്ങളും പകർത്തി നൽകും. ഇതിനു ദേവസ്വം നിശ്ചയിച്ച തുക ദേവസ്വത്തിലടക്കണം.
കോവിഡ് നിയന്ത്രണങ്ങൾ കാരണം മാർച്ച് 21 മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. കണ്ണന്റെ മുന്നിൽ വിവാഹങ്ങൾ നടത്തുന്നതിനു തീരുമാനിച്ച നിരവധി ഭക്തർ അവരുടെ മക്കളുടെ വിവാഹങ്ങൾ മാറ്റി വച്ചിരുന്നു.
മൂന്നു വിവാഹ മണ്ഡപങ്ങളും അണുവിമുക്തമാക്കി വൃത്തിയാക്കിയിട്ടുണ്ട്. മൂന്നു വിവാഹ മണ്ഡപങ്ങളിലും വിവാഹം നടക്കുമെങ്കിലും ഒരേ സമയം രണ്ടു വിവാഹമണ്ഡപങ്ങളാണ് ഉപയോഗിക്കുക.