ഗുരുവായൂർ: ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവായൂരിൽ പറഞ്ഞു. ശ്രീവത്സം അങ്കണത്തിൽ നിർമിച്ച ഗജരത്നം പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും തുടർന്ന് ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
90 വർഷം മുന്പ് ഗുരുവായൂർ ക്ഷേത്രത്തിൽ പി.കൃഷ്ണപിള്ള മണി അടിച്ചതിന്റെ തുടർച്ചയാണ് ഇന്ന് തനിക്ക് ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതും. പല ക്ഷേത്രങ്ങളുടേയും മണി മണ്ഡപങ്ങൾ ഉദ്ഘാടനം ചെയ്യാനായതും. കലയും സംസ്കാരവും പരിമിതപെടുന്നത് അതിന്റെ വളർച്ചക്ക് എതിരാണ്.
ക്ഷേത കലകൾ സമൂഹം ഏറ്റെടുത്തതോടെ കൂടുതൽ വളർച്ച നേടി. കലകൾ മുഴുവൻ ആളുകൾക്കും പ്രാപ്യമാകുന്നതിന് സാഹചര്യം ഉണ്ടാവണം. ആരേയും മാറ്റിനിർത്തിയല്ല, എല്ലാവരേയും ഉൾകൊണ്ടാണ് മുന്നോട്ടു പോകേണ്ടത്.സാമൂഹ്യമാറ്റത്തിലൂടെയാണ് കേരളം മറ്റുള്ളവർക്ക് മാതൃയാകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണയായി ഇത്രയും വേഗം പണി പൂർത്തിയായ ഒരു പദ്ധതിയും ഉദ്ഘാടനം ചെയ്ത ചരിത്രമില്ലെന്ന് മന്ത്രി പറഞ്ഞു. വെറും മൂന്നുമാസം കൊണ്ടാണ് പദ്ധതിയുടെ പണി പൂർത്തീകരിച്ചത്. തറക്കല്ലിട്ടാൽ ഉദ്ഘാടനം അടുത്ത മന്ത്രിസഭയുടെ കാലത്താണ് പതിവ്. എന്നാൽ ഇത്തവണ അത് തെറ്റിച്ചെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത 103 വയസുള്ള പി .ചിത്രൻ നന്പൂതിരിപ്പാടിനെ ചടങ്ങിൽ ആദരിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
എൻ.കെ. അക്ബർ എംഎൽഎ, ഭരണസമിതി അംഗങ്ങളായ ഇ.പി.ആർ. വേശാല, എ.വി. പ്രശാന്ത്, കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, കൗണ്സിലർ ശോഭ ഹരി നാരായണൻ, പ്രഫ.എം.എം.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച എൽഇഡി വാൾ, വിശേഷദിവസങ്ങളിൽ ഭക്തർക്ക് പ്രസാദ് ഉൗട്ട് നൽകുന്നതിന് തെക്കേ നടയിൽ നിർമിച്ച പന്തൽ എന്നിവയുടെ സമർപ്പണവും മന്ത്രി നിർവഹിച്ചു. ക്ഷേത്ര കൂത്തന്പലത്തിന് ലഭിച്ച യുനസ്കൊ പുരസ്കാരത്തിന്റെ സമർപ്പണവും, ഗജരത്നം പത്മനാഭന്റെ ചുമർച്ചിത്രങ്ങളുടെ നേത്രോന്മീലനവും മന്ത്രി നിർവഹിച്ചു.