ഗുരുവായൂർ: ദേവസ്വം ബജറ്റിൽ വർഷങ്ങളായി ഇടംപിടിക്കുകയും, എന്നാൽ യാതൊരു അനക്കവുമില്ലാതിരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന പ്രഖ്യാപനത്തിന് സ്വാഗതമേകി ഭക്തരും പൊതുജനങ്ങളും. ദേവസ്വം ആരംഭിച്ച കരനെൽകൃഷി ഉദ്ഘാടന വേദിയിലാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് തിരുത്തിക്കാട്ട് പറന്പിൽ ദേവസ്വം മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്ന് അറിയിച്ചത്.
കെ.വി.അബ്ദുൾ ഖാദർ എംഎൽഎയുടെ നിർദ്ദേശം പരിഗണിച്ചാണ് ദേവസ്വം ചെയർമാൻ ഇക്കാര്യം അറിയിച്ചത്.
തീർഥാടകർക്കോ ഭക്തർക്കോ എന്തെങ്കിലും ചെറിയ അസുഖങ്ങൾ വന്നാൽപോലും ചികിത്സയ്ക്ക് ഒരിടം ഇല്ലാത്ത അവസ്ഥ എംഎൽഎ ദേവസ്വം ചെയർമാനോട് പറഞ്ഞു.
ദേവസ്വം ആശുപത്രിയിൽ ചികിത്സാസൗകര്യങ്ങളുടെ കുറവുള്ളതായും അനൗപചാരിക സംഭാഷണത്തിൽ എംഎൽഎ അറിയിച്ചു.ഭക്തർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകുന്ന വിധത്തിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാൻ ഭരണസമിതി നടപടി കൈകൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.
ഇക്കഴിഞ്ഞ ബഡ്ജറ്റിൽ രണ്ടുകോടി രൂപ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്.മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന ആശയവുമായണ് പത്തുവർഷം മുന്പ് ദേവസ്വം തിരുത്തിക്കാട്ട് പറന്പിലെ 10ഏക്കറോളം ഭൂമി ഏറ്റെടുത്തത്.
പിന്നീട് വന്ന ഭരണസമിതികൾ എല്ലാ ബഡ്ജറ്റിലും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് തുക മാറ്റി വച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇല്ലാതെ പദ്ധതി ഉപേക്ഷിക്കപെട്ട നിലയിലായിരുന്നു.പ്രഖ്യാപനം കടലാസിൽ ഒതുങ്ങില്ലെന്നും, പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം ഉടൻ നിലവിൽ വരുമെന്നാണ് ഭക്തരും പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്.