ഗുരുവായൂർ: തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നഗരസഭ ഭരണാധികാരികൾ പരാജയമാണെന്ന് കൗണ്‍സിൽ യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റുണ്ടായി.
നഗരസഭയിൽ പ്രകാശനഗരം പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് തെരുവ് വിളക്കുകൾ പ്രകാശിക്കാത്ത സ്ഥിതിയാണ്, നെന്മിനി കോളനിയിലെ പൊതുകിണറിന്റെ മോട്ടോർ കേടായിട്ട് നാളുകൾ ഏറെ കഴിഞ്ഞിട്ടും അതു ശരിയാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
ഭവന പദ്ധതികൾ നടപ്പിലാക്കുന്നതിലും പാളിച്ചയാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നഗരസഭയുടെ വികസനങ്ങൾക്കാവശ്യമായ പദ്ധതികൾ തയാറാക്കി പ്രധാനമന്ത്രിക്കു നിവേദനം നൽകാൻ പോലും ചെയർമാൻ തയാറായില്ലെന്നും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലർമാർ ആരോപിച്ചു.
ഭവന പദ്ധതികളിൽ ആയിരത്തിലേറെ വീടുകൾ നൽകിയ നഗരസഭയാണെന്നും ഭൂരഹിതർക്ക് വീടുകൾ നൽകുന്നതിന് നിയമതടസമുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർ വിശദീകരിച്ചു. വാർഡുകളിൽ ശുചീകരണം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നു മാസമായി വേതനം നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
നഗരസഭ ഓഫീസ് നവീകരണം പൂർത്തീകരിക്കാനാകാതെ നഗരസഭ ഇരുട്ടിൽ തപ്പുകയാണെന്ന് കൗണ്‍സിലർ ആന്റോ തോമസ് പറഞ്ഞു. എന്നാൽ, നഗരസഭയുടെ ഓണസമ്മാനമായി ഓഫീസ് നവീകരണത്തിന്റെയും വിവാഹ രജിസ്ട്രേഷൻ ഹാളിന്റെയും ഉദ്ഘാടനം സെപ്റ്റംബറിൽ നടക്കുമെന്ന് വൈസ് ചെയർമാൻ കെ.പി. വിനോദ് അറിയിച്ചു.
കൗണ്‍സിൽ ആരംഭിച്ചയുടൻ നഗരസഭ ടൗണ്‍ ഹാളിലെ കാമറ വിവാദം ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഈ വിഷയം വീണ്ടും കൗണ്‍സിലിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷ കൗണ്‍സിലർമാർ പറഞ്ഞു. ചെയർപേഴ്സൺ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു.