ഗുരുവായൂർ: ക്ഷേത്രത്തിൽ ഏതാനും മാസം മുന്പ് പുതിയതായി ആരംഭിച്ച പേപ്പർ കണ്ടെയ്നറിലാക്കി നൽകിയിരുന്ന നെയ്പായസം വഴിപാട് നിർത്തലാക്കി. 250 ഗ്രാമിന് 90 രൂപയ്ക്കാണ് കണ്ടെയ്നർ നെയ്പായസം നൽകിയിരുന്നത്.
കണ്ടെയ്നറിൽ കൊണ്ടുപോകുന്ന പായസം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതികളുയർന്നതോടെയാണ് വഴിപാട് നിർത്തലാക്കാൻ തീരുമാനിച്ചത്. കണ്ടെയ്നറുകൾ പൊട്ടി പായസം പുറത്തേക്കു പോകുന്നതായും പരാതിയുണ്ട്. മഴക്കാലമായതോടെയാണ് പരാതികൾ ഉയർന്നത്.
പായസം തയ്റാക്കുന്നതിന് ഒരുകിലോ അരിക്ക് 750 ഗ്രാം നെയ്യാണ് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീടത് ഒരു കിലോക്ക് ഒരു കിലോ നെയ് എന്ന നിലയിൽ ഉപയോഗിച്ചുതുടങ്ങി. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു പുതിയ വഴിപാട് ആരംഭിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് ഇത് ഉപകാരമായിരുന്നു.
ഇനി മുതൽ നെയ്പായസം വഴിപാട് ശീട്ടാക്കുന്നവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്നതു പോലെ നെയ്പായസം നൽകും. അര ലിറ്ററിനു 170 രൂപയാണ് നിരക്ക്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ പാത്രങ്ങളിലോ വാങ്ങാവുന്നതാണ്. ഉഷപൂജയ്ക്കുശേഷം രാവിലെ മാത്രം ലഭിച്ചിരുന്ന നെയ്പായസം കണ്ടെയ്നറുകളിൽ എല്ലാ സമയത്തും വിൽക്കാനുള്ള തീരുമാനത്തിന് എതിർപ്പുയർന്നിരുന്നു. എന്നാൽ ഭരണ സമിതി തീരുമാനം നടപ്പിലാക്കുകയായിരുന്നു.