ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു ദേവസ്വം ഭരണസമിതി 12 ആവശ്യങ്ങള്‍ അടങ്ങിയ നിവദനം സമര്‍പ്പിച്ചു. ഗുരുവായൂരിനെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, ക്ഷേത്രസുരക്ഷ സ്ഥിരമായി സിഐഎസ്എഫ് ഏറ്റെടുക്കുക, ചെമ്പൈ സംഗീതോത്സവം ദേശീയ സംഗീതോത്സവമായി പ്രഖ്യാപിക്കുക, ശ്രീഗുരുവായൂരപ്പന് വേദിക് സര്‍വകലാശാല സ്ഥാപിക്കുക, ദേശീയ ടൂറിസം ഓഫീസ് ഗുരുവായൂരില്‍ തുടങ്ങുക, ഹെലിപ്പാട് നിര്‍മിക്കാന്‍ ദ്വാരക ബീച്ചിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കുക, ന്യൂഡല്‍ഹി- ഗുരുവായൂര്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുക, ഗുരുവായൂര്‍- തിരുനാവായ പാത സ്ഥാപിക്കുക, ആനത്താവള വികസനത്തിനു സഹായം അനുവദിക്കുക, ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുവാദം നല്‍കുക, ആദായനികുതി ഇളവ് മൂന്നു വര്‍ഷത്തേക്കു നീട്ടിനല്‍കുക, കളഭം തയാറാക്കാന്‍ കാഷ്മീര്‍ കുങ്കുമം അനുവദിക്കുക, ചന്ദനം അരയ്ക്കാന്‍ 25 ചണക്കല്ല് ലഭ്യമാക്കാന്‍ ആന്ധ്ര- ഒഡീഷ സര്‍ക്കാരുകളോട് നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
ദേവസ്വം ചെയര്മാന് എന്‍. പീതാംബരകുറുപ്പ്, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, എ. സുരേശന്, കെ. കുഞ്ഞുണ്ണി, കെ. ഗോപിനാഥന്, പി.കെ. സുധാകരന്, സി. അശോകന്, അഡ്മിനിസ്ട്ര്റ്റര് സി.സി. ശശീധരന് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.