ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ പൈപ്പിടലിനായി കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ട പടിഞ്ഞാറെനട- മുതുവട്ടൂർ റോഡ് പണി പൂർത്തിയാക്കി ഭാഗികമായി തുറന്നു. മാൻഹോളിനായി കുഴിയെടുത്ത മണ്ണ് മാറ്റിയാലുടൻ റോഡ് ടാറിംഗിനായി പൊതുമരാമത്ത് വകുപ്പിനു കൈമാറും. ഇവിടെ ആറ് മാൻഹോളുകളും എട്ട് ചേംബറുകളുമാണ് സ്ഥാപിച്ചത്.
പടിഞ്ഞാറെനട പന്പ് ഹൗസിനു സമീപത്തെ മാൻഹോൾ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് പ്രവൃത്തി നീണ്ട ുപോകാനിടയാക്കിയത്. ഇവിടത്തെ മണ്ണ് ബലക്കുറവുള്ളതിനാൽ ഇടിക്കിടെ ഇടിയുന്നതും പ്രവൃത്തി വൈകാൻ ഇടയാക്കിയെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു.
ഇനി പടിഞ്ഞാറെനട സെന്റർ മുതൽ ഇന്നർ റിംഗ് റോഡ് വരെയും പടിഞ്ഞാറെനട നടപ്പന്തലിനുള്ളിലുമായി 175 മീറ്ററോളം പൈപ്പ് സ്ഥാപിക്കാനുണ്ട്. ഇവിടത്തെ റോഡ് പൊളിക്കുന്നതിനു മുന്നോടിയായി എംഎൽഎയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ഇതുംകൂടി പൂർത്തിയാക്കി ഇൗമാസം അവസാനത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാനുള്ള ശ്രമത്തിലാണ് ജല അഥോറിറ്റി.